മികച്ച ഫോമിലുള്ള കെ.എല്‍ രാഹുല്‍ പന്തിനേക്കാള്‍ നന്നായി കീപ്പ് ചെയ്യുന്നുണ്ട് പിന്നെന്തിന് റിഷഭ് പന്തിനെ ടീമിലെടുക്കണം. പകരം ഒരു കളക്കാരനെ അധികമായി എടുക്കാമല്ലോ? ആസ്‌ട്രേലിയക്കെതിരായ ഏകദിനങ്ങളില്‍ രാഹുലിന്റെ കീപ്പിംങ് കണ്ട ആരും ഇങ്ങനെ ചിന്തിച്ചുപോകും. അതു തന്നെയേ കോലിയും ചിന്തിച്ചിട്ടുള്ളൂ.
ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍കിന്റെ ബൗണ്‍സറേറ്റ് നിരീക്ഷണത്തിലായ പന്തിന് പകരക്കാരനായാണ് കെ.എല്‍ രാഹുല്‍ കീപറായെത്തുന്നത്. ശരാശരി കീപ്പറായ പന്തിനേകാള്‍ നന്നായി പലപ്പോഴും രാഹുല്‍ വിക്കറ്റ് കാത്തതോടെ പന്തിന്റെ ചീട്ട് താല്‍ക്കാലികമായെങ്കിലും കീറിയ മട്ടാണ്. പ്രത്യേകിച്ച് ടി20 ലോകകപ്പിന് മുന്നോടിയായ ടീമില്‍ കൂടുതല്‍ സന്തുലനം വരുത്താനുള്ള ശ്രമത്തിനിടെ.
ഓപണര്‍ തൊട്ട് അഞ്ചാം നമ്പര്‍ വരെസ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായ ഇറക്കാന്‍ കഴിയുന്ന താരമാണ് രാഹുല്‍. കരിയറിന്റെ തുടക്കത്തിലെ തപ്പിത്തടയലുകള്‍ക്ക് ശേഷം മികച്ച ഫോമിലുമാണ്. പോരാത്തതിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്നിംങ്‌സ് പാകപ്പെടുത്താന്‍ യുവതാരത്തിന് കഴിയുന്നുമുണ്ട്. ആദ്യ ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങിയ രാഹുല്‍(47) ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. ജയിച്ചേ തീരൂ എന്ന രണ്ടാം ഏകദിനത്തില്‍ 52 പന്തുകളില്‍ നിന്നും 80 റണ്ണടിച്ച രാഹുലിന്റെ ഇന്നിംങ്‌സിന്റെ വേഗമാണ് ഇന്ത്യയെ 340ലെത്തിച്ചത്.
ബാറ്റിംങിന് ഒപ്പം രാഹുലിന്റെ വിക്കറ്റ് കീപ്പിംങ് കൂടി ഉപയോഗിക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. ‘ടീം ഇപ്പോള്‍ മികച്ച നിലയിലാണ്. രാഹുലിന്റെ വരവോടെ ടീമിന് കൂടുതല്‍ സന്തുലനം ലഭിച്ചു. നന്നായി പോകുമ്പോള്‍ ടീമില്‍ മാറ്റം വരുത്തേണ്ടതില്ല. നിലവിലെ ടീമില്‍ മാറ്റം വരുത്താനുള്ള കാരണം ഒന്നും കാണുന്നില്ല’ കോലിയുടെ ഈ വാക്കുകള്‍ തല്‍കാലം പന്തിന് ടീമില്‍ സ്ഥാനമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.