മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 31 വര്‍ഷത്തിന് മുമ്പാണ് ഇന്ത്യ ഒരു പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. അതിന് ശേഷമുള്ള ഇന്ത്യയുടെ ജൈത്രയാത്രക്കാണ് വില്യംസണിന്‍റെ കിവിപ്പട വിരാമമിട്ടിരിക്കുന്നത്.
1983/84 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 5-0ത്തിന് സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. അതേ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1988/89ലും സമ്പൂര്‍ണ തോല്‍വി സമ്മതിച്ചിരുന്നു.
2006/07ല്‍ സൗത്ത് ആഫ്രിക്കയുമായി നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പരാജയപ്പെടുകയും ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പരമ്പര തൂത്തുവാരിയതായി പരിഗണിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ന്യൂസിലന്റ് പരമ്പര 3-0ത്തിന് തൂത്തുവാരുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഗുപ്റ്റില്‍(46 പന്തില്‍ 66), നിക്കോള്‍സ്(103 പന്തില്‍ 80) ഗ്രാന്‍ഡ്‌ഹോം(28 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ന്യൂസിലന്റ് ജയം അനായാസമാക്കി മാറ്റിയത്.
അതേസമയം ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. 2003ല്‍ ലോകകപ്പ് റണ്ണേഴ്സ് അപ്പും 2011ല്‍ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാന്‍റിനെതിരെ നടന്ന ടി20 പരമ്പര 5-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു. ഇനി ടെസ്റ്റ് സീരീസിലേക്കാണ് ഇരുടീമുകളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.