six,six,six,six,0,six കളിയുടെ ഗതിമാറ്റിയ 18ാം ഓവറില്‍ രാജസ്ഥാന്‍ താരം രാഹുല്‍ തിവാത്തിയ ബോള്‍ നിലം കാണാതെ പറത്തി. കിങ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ (223) പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സരം പിടിച്ചെടുത്തു. രാജസ്ഥാന്‍ നാല് വിക്കറ്റിനാണ് ജയിച്ചത്.
വാശിയും ആകാംക്ഷയും അലതല്ലിയ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കേവലം 42 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സാണ്. ഏഴ് സിക്സും നാല് ഫോറും സഞ്ജുന്‍റെ ബാറ്റില്‍ നിന്നും പിറന്നു. സ്റ്റീവ് സ്മിത്ത് 27 പന്തില്‍ നിന്നും 50 റണ്‍സും രാഹുല്‍ തിവാത്തിയ 31 പന്തില്‍ നിന്നും 53 റണ്‍സും നേടി രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചു. രാഹുല്‍ തിവാത്തിയയുടെ അവസാന ഓവറുകളിലെ പ്രകടനമാണ് മത്സരം തിരിച്ചുപിടിച്ചത്.
ആദ്യ ബാറ്റിങില്‍ മായങ്ഗ് അഗര്‍വാളിന്‍റെ സെഞ്ച്വറിയുടെയും (106) കെ.എല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ച്വറിയുടെയും (69) പിന്‍ബലത്തിലാണ് പഞ്ചാബ് 223 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. വിജയത്തോടെ രാജസ്ഥാന്‍ നാല് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്.