ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടീമില്‍ തന്റെ സാന്നിധ്യം ഈ മുംബൈക്കാരന് അറിയിച്ചുകഴിഞ്ഞു. ക്രീസിനുപുറത്തും ആള് ചില്ലറക്കാരനല്ല. ഇതിനകം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനും നേരിട്ടു. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അടുത്താണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിശ്രമം അനുവദിച്ചതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം വെസ്റ്റ്ഇന്ഡീസുകാരനും ഐ.പി.എല്ലില്‍ മുംബൈ ടീം അംഗവുമായ കീരണ്‍ പൊള്ളാര്‍ഡാണ്. പാണ്ഡ്യയെക്കുറിച്ചുള്ള പൊള്ളാര്‍ഡിന്റെ വാക്കുകളാണ് പാണ്ഡ്യയെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിക്കൊടുത്തത്.
യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളവരാണ് പാണ്ഡ്യയെക്കുറിച്ച് നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞുനടക്കുന്നതെന്നും ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറായി പാണ്ഡ്യ മാറിയെന്നുമാണ് പൊള്ളാര്‍ഡ് പറയുന്നത്. മുംബൈ ഇന്ത്യന്‍സില്‍ കരിയര്‍ തുടങ്ങിയ സമയത്ത് തന്നെ പാണ്ഡ്യയെ തനിക്ക് അറിയാമെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കളത്തിന് പുറത്തും ആത്മവിശ്വാസത്തോടെയാണ് സമീപനമെങ്കില്‍ ഗ്രൗണ്ടിലും അത് പ്രതിഫലിക്കുമെന്നും അത്തരത്തിലൊരു സമീപനമാണ് പാണ്ഡ്യയുടേതെന്നും പൊള്ളാര്‍ഡ് പറഞ്ഞു.