ധോണിയുടെ ആ റണ്‍ ഔട്ടിലെ തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി മുന്നേറുന്നുണ്ട്. ഒരു ആംഗിളിലൂടെ നോക്കിയാല്‍ ഔട്ടെന്നും മറ്റൊന്നിലൂടെ നോക്കിയാല്‍ ഔട്ടല്ലെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആ റണ്‍ ഔട്ട് കളിയുടെ ഗതിമാറ്റിയെന്ന് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ പറയുന്നു.
മത്സരത്തില്‍ രണ്ട് റണ്‍സാണ് ധോണി നേടിയത്. എട്ട് പന്തുകളാണ് നേരിട്ടത്. പതിവ് ശൈലിയില്‍ പിടിച്ചുനിന്ന് അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാനുള്ള ധോണിയുടെ തന്ത്രം ആ റണ്‍ ഔട്ടിലൂടെ പാളുകയായിരുന്നു. അതോടെ കളി തിരിഞ്ഞു. സമ്മര്‍ദ്ദം മുഴുവനും വാട്സണിലായി. അദ്ദേഹം അത് മറികടന്നെങ്കിലും അവസാന ഓവറില്‍ പിഴച്ചു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലാണ് ധോണി പുറത്താകുന്നത്.
ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാകുന്നത്. ഇതിനു പിന്നാലെയാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുന്നതും. മാത്രമല്ല മുംബൈയുടെ ബൗളര്‍മാരായ മലിംഗയുടെയും ബുംറയുടെയും പ്രകടനവും നിര്‍ണായകമായെന്ന് സച്ചിന്‍ പറഞ്ഞു. ടൂര്‍ണമെന്റിലുടനീളം ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും പുറത്തെടുത്ത പ്രകടനങ്ങളെ അഭിനന്ദിക്കാനും സച്ചിന്‍ മറന്നില്ല.
ആവേശം അവസാന ഓവര്‍ വരേയെത്തിയ മത്സരത്തില്‍ അവസാന പന്തിലായിരുന്നു മുംബൈയോട് ചെന്നൈ തോറ്റത്. ലസിത് മലിംഗ എറിഞ്ഞ അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്ത് വിക്കറ്റിന് മുന്നില്‍ കുരുക്കി മലിംഗ കിരീടം മുംബൈക്ക് നേടിക്കൊടുക്കുകയായിരുന്നു.