Cricket

സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്വന്തം കാണികൾക്ക് മുന്നിൽ മുംബൈ ഹീറോസിനെതിരെ 7 റൺസിനായിരുന്നു കേരളത്തിന്റെ പരാജയം. 113 റൺസ് പിന്തുടർന്ന കേരളത്തിൻ്റെ പോരാട്ടം 105 ൽ അവസാനിച്ചു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസിന്റെ ഭാഗ്യം ആദ്യം മുംബൈയ്ക്ക് ഒപ്പം നിന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഹീറോസ് ആദ്യ ഇന്നിംഗ്സിൽ 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 18 പന്തില്‍ 41 റണ്‍സ ടെുത്ത സഖിബ് സലീം, പുറത്താകാതെ 13 പന്തില്‍ 25 റണ്‍സെടുത്ത അപൂര്‍വ ലഖിയ എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കേരള സ്‌ട്രേക്കേഴ്‌സിനായി ആന്റണി പെപെ രണ്ട് വിക്കറ്റും, സൈജു കുറിപ്പ്, വിവേക് ഗോപന്‍, വിനു മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ സൈജു കുറുപ്പിനെ സാക്ഷിയാക്കി വിവേക് ഗോപന്റെ ഒറ്റയാൾ പോരാട്ടം. വിവേക് ഗോപൻ 25 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു. കേരളത്തിൻ്റെ ഒന്നാമിനിംഗ്സ് 107 ൽ അവസാനിച്ചു.

9 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ മുംബൈ 103 റൺസെടുത്തു. 113 റൺസിന്റെ വിജയലക്ഷ്യമായി ഇറങ്ങിയ കേരളം അവസാന ഓവർ വരെ പൊരുതിയാണ് പോരാട്ടം അവസാനിപ്പിച്ചത്. തോൽവിയോടെ കേരള സ്ട്രൈക്കേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.