പന്ത് കൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട് കൂടി ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് കുടിയേറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ പേസ് കുന്തമുന ജസ്പ്രീത് ബുംറ. പിഴവ് പറ്റിയതിന് സഹതാരം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ സമാധാനിപ്പിച്ചാണ് ബുംറ ഹൃദയം കീഴടക്കുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറിലായിരുന്നു സംഭവം. ബുംറയുടെ ബൗണ്‍സര്‍ രവീന്ദ്ര ജഡേജയെ ബീറ്റ് ചെയ്ത് പോയത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്.
എന്നാല്‍ ക്വിന്റണ്‍ ഡി കോക്കിനത് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറി റോപ് തൊട്ടു. സമ്മര്‍ദത്തിലായിരുന്ന ചെന്നൈക്ക് നിര്‍ണായകമായ നാല് റണ്‍സ് ലഭിച്ചു. അതോടെ ചെന്നൈയുടെ പന്തും റണ്‍സും തമ്മിലെ അന്തരവും കുറഞ്ഞു. മികച്ച രീതിയില്‍ വിക്കറ്റിന് പിന്നില്‍ നിന്നിരുന്ന കോക്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ആ വീഴ്ച ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ പന്തെറിഞ്ഞ ബുംറ തളര്‍ന്നില്ല. കോക്കിന്റെ അടുത്ത് പോയി തോളില്‍ കൈയിട്ട് താരത്തെ സമാധാനിപ്പിച്ചു.
ഇതിന്റെ ചിത്രവും മുംബൈയുടെ കിരീട നേട്ടത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. അതേസമയം ബുംറയുടെ ഈ ആശ്വസിപ്പിക്കലാവാം അടുത്ത ഓവറില്‍ മികച്ചൊരു നീക്കത്തിലൂടെ കോക്ക്, വാട്‌സണെ റണ്‍ ഔട്ടാക്കുന്നതും.മത്സരത്തില്‍ കോക്ക് 29 റണ്‍സ് നേടി. 17 പന്തില്‍ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോക്കിന്റെ ഇന്നിങ്‌സ്.
അതേസമയം മുംബൈയുടെ ജയത്തില്‍ ബുംറയുടെ നാല് ഓവറുകളും നിര്‍ണായകമായി. രണ്ട് വിക്കറ്റ് വീഴ്ത്തി പതിനാല് റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.