ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc)
അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-0നു മുന്നിട്ടുനിൽക്കുകയാണ്. മാർച്ച് ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക
“4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു.
പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.
രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.