Cricket Sports

ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ബുംറ

ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് ബുംറ ഈ റെക്കോര്‍ഡ് കുറിച്ചത്.

വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ 50 വിക്കറ്റുകൾ നേടിയത്. വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ബുംറ പിന്നിലേക്ക് തള്ളിയത്. 13 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ തികച്ച വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. വിൻഡീസ് സൂപ്പർ താരം ഡാരൻ ബ്രാവോയെ എറിഞ്ഞിട്ടാണ് ബുംറ ഈ നേട്ടം കൊയ്തത്.

ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യൻ പേസർമാരിൽ ഒന്നാം സ്ഥാനത്താണെങ്കിലും മീഡിയം പേസര്‍മാരെയും സ്പിന്നര്‍മാരെയുമൊക്കെ ഉള്‍പ്പെടുത്തിയാല്‍ മൂന്നാം സ്ഥാനമാണ് ബുംറയ്ക്കുള്ളത്. 9 ടെസ്റ്റുകളിൽ 50 വിക്കറ്റുകൾ തികച്ച അശ്വിൻ, 10 ടെസ്റ്റുകളിൽ 50 വിക്കറ്റെടുത്ത അനിൽ കുംബ്ലൈ എന്നിവരാണ് ബുംറയ്ക്ക് മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ. ഹര്‍ഭജന്‍ സിങും നരേന്ദ്ര ഹിര്‍വാനിയും ഇക്കാര്യത്തില്‍ ബുംറക്ക് ഒപ്പമുള്ളവരാണ്.