തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയുടെ പിന്തുണയാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ചെറുപ്പത്തില്‍ തന്നെ അച്ഛന് മരിച്ചതോടെ തനിക്ക് വേണ്ടി അമ്മ ഏറെ പ്രയാസപ്പെട്ടെന്നും ബുംറ പറയുന്നു. ഈ പോരാട്ട വീര്യത്തിന്, കൃത്യതയ്ക്ക്, മനസാന്നിധ്യത്തിന് പ്രചോദനം എന്തെന്ന് ചോദിച്ചാല്‍ ബുംറയ്ക്ക് ഒരുത്തരം മാത്രം, അമ്മ, സഹോദരി, അവരാണ് തന്റെ എല്ലാം.
സ്കൂള്‍ പ്രിന്‍സിപ്പാളായി എന്റെ അമ്മ ഈയടുത്താണ് വിരമിച്ചത്. എനിക്ക് ആത്മവിശ്വാസം ലഭിക്കാന്‍ മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ല, വീട്ടില്‍ തന്നെ അതിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ബുംറ പറഞ്ഞു. നേരിടാന്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍ എന്നാണ് ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയിലും ആന്‍ഡ്രെ റസലും ബുംറയെ വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം കൊണ്ടുവന്നത് ബുംറയായിരുന്നു. മുഹമ്മദ് ഷമി ഹാട്രിക് നേടിയെങ്കിലും കളി ഇന്ത്യയുടെ വരുതിയിലെത്തിച്ചത് ബുംറയുടെ പന്തുകളായിരുന്നു. ഇൌ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട ബൌളറും ബുംറ തന്നെ.