Cricket Sports

ജേസൻ റോയ് ഐപിഎലിൽ നിന്ന് പിന്മാറി; ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടി

ഇംഗ്ലണ്ട് താരം ജേസൻ റോയ് ഐപിഎലിൻ്റെ വരുന്ന സീസണിൽ നിന്ന് പിന്മാറി. ഗുജറാത്ത് ടൈറ്റൻസ് താരമായ റോയ് ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെൻ്റിൽ നിന്ന് പിന്മാറിയത്. റോയിയുടെ പിന്മാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയാണ്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച റോയ് അവരുടെ ഓപ്പണറായിരുന്നു. ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരുന്ന റോയുടെ അഭാവത്തിൽ ഗുജറാത്തിൻ്റെ ടീം ബാലൻസ് തന്നെ നഷ്ടപ്പെടും. ഏറെ വൈകാതെ ക്ലബ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് റോയ് ഐപിഎലിൽ നിന്ന് പിന്മാറുന്നത്. 2020ൽ അടിസ്ഥാന വിലയായ ഒന്നരക്കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തെങ്കിലും വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റോയ് ഐപിഎൽ കളിച്ചിരുന്നില്ല.

31കാരനായ റോയ് പാകിസ്താൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്നു. വെറും ആറ് മത്സരങ്ങൾ കളിച്ച താരം ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ ഉയർന്ന റൺ വേട്ടക്കാരനായിരുന്നു. 170 സ്ട്രൈക്ക് റേറ്റിലും 50.50 ശരാശരിയിലുമായി 303 റൺസ് നേടിയ റോയ് രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും നേടി.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.