ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമാണോ ? വിജയവും തോല്‍വിയും അങ്ങനെയെല്ലാം ? ഒരു പ്രമുഖ സ്പോര്‍ട്സ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ആകെ വോട്ട് ചെയ്തതില്‍ 36 ശതമാനം പേരും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടെന്ന് വിശ്വസിക്കുന്നു. വാതുവെപ്പും കോഴവിവാദവും അന്യമല്ലാത്ത ക്രിക്കറ്റില്‍ ഇത്തരം സംശയം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി വസ്തുതകള്‍ ഐ.പി.എല്ലിന്റെ പിന്നാമ്പുറത്ത് നടക്കുന്നുവെന്നത് വസ്തുതയാണ്.
ഓപ്പോ കയ്യൊഴിഞ്ഞ ഐ.പി.എല്ലിനെ ഈ വര്‍ഷം താങ്ങി നിര്‍ത്തിയത് ഡ്രീം ഇലവന്‍ എന്ന ഫാന്റസി പ്ലേയിങ് ആപ്പാണ്. ബി.സി.സി.ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി ബ്രാന്‍ഡ് അംബാസിഡറാകുന്ന മൈ ഇലവന്‍ സര്‍ക്കിള്‍ അടക്കം പത്തില്‍ അധികം ചെറുതും വലുതുമായ ഫാന്റസി പ്ലേയിങ് ആപ്പുകള്‍ ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. 2008 ല്‍ പ്രവര്‍ത്തനം തുടങ്ങുകയും 2012 ല്‍ ഉപഭോക്താക്കള്‍ക്കായി ഫാന്റസി ക്രിക്കറ്റ് ആരംഭിക്കുകയും ചെയ്ത ഡ്രീം ഇലവന്‍ ആപ്പ് നിലവില്‍ ബി.സി.സി.ഐയുടെ മുഖ്യ സ്പോണ്‍സറാണ്. 2017-18 സാമ്പത്തിക വര്‍ഷം 224.6 കോടി രൂപ വരുമാനമുണ്ടായിരുന്ന കമ്പനി അടുത്ത വര്‍ഷം അത് 775.4 കോടിയായി ഉയര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 785 കോടി പരസ്യ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ച കമ്പനി 222 കോടി മുടക്കി ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം കന്പനി നേടുന്ന വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ എത്രമാത്രം മുന്നോട്ടുപോകുമെന്ന് കാത്തിരുന്ന് കാണണം.
ഇന്ത്യാ ടെക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഫാന്റസി സ്പോര്‍ട്സ് ആപ്പുകള്‍ ഈ സാമ്പത്തിക വര്‍ഷം നേടിയ വരുമാന വര്‍ധന 160 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 920 കോടിയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 2400 കോടി പിന്നിട്ടു. 2016 ല്‍ 20 ലക്ഷം പേരാണ് ഫാന്റസി സ്പോര്‍ട്സ് ആപ്പുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 10 കോടി പിന്നിടുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഈ ആപ്പുകള്‍ 166 കോടി രൂപയാണ് ജി.എസ്.ടി ആയി നല്‍കിയതെങ്കില്‍ ഈ വര്‍ഷം അത് 445 കോടി കടക്കും. ക്രിക്കറ്റിന്റെ മറവില്‍ നടക്കുന്ന ചൂതാട്ടവും വാതുവെയ്പ്പും നിയമപരമായി കുറ്റമാണെങ്കിലും ഫാന്റസി പ്ലേയിങ് ആപ്പുകളുടെ മറവില്‍ നടക്കുന്നത് ഇതുതന്നെയാണ്.
രസകരമായ സംഗതി എന്തെന്നാല്‍ പല അന്താരാഷ്ട്ര താരങ്ങളും ക്രിക്കറ്റ് വിദ്ഗ്ധരും ഇത്തരം ആപ്പുകളുടെ പ്രചാരകരാണെന്നതാണ്. മത്സരഫലങ്ങള്‍ ഇത്തരം ഫാന്റസി ആപ്പുകളുടെ താല്‍പര്യാര്‍ഥം തീരുമാനിക്കപ്പെടുന്നുണ്ടോയെന്നതാണ് ഐ.പി.എല്‍ മത്സരങ്ങള്‍ തിരക്കഥ പ്രകാരമാണെന്ന ആശങ്കയ്ക്ക് വഴി തുറക്കുന്നത്. പണം മുടക്കി ഒരേ സമയം ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഫാന്റസി ക്രിക്കറ്റ് സുതാര്യമാണെന്നും പങ്കെടുക്കുന്നവരുടെ പ്രാഗത്ഭ്യവും ഭാഗ്യവുമാണ് പരീക്ഷിക്കപ്പെടുന്നതെന്നാണ് ഇത്തരം ആപ്പുകളുടെ അണിയറക്കാരുടെ അവകാശവാദം. എന്നാല്‍ കോടികള്‍ മറിയുന്ന ഇത്തരം ഓണ്‍ലൈന്‍ വ്യവഹാരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നതാണ് വാസ്തവം