ഐപിഎല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നായകന് എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. (ipl2022)
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച വിരാട് കോലി(15 കോടി), ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്വെൽ(11 കോടി), പേസ് ബൗളര്‍ മുഹമ്മദ് സിറാജ് 7 കോടി) എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.
രാജസ്ഥാന് റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ(14 കോടി) ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. കൂടാതെ ജോസ് ബട്ലര്(10 കോടി), യശസ്വി ജയ്സ്വാള്‍(4 കോടി) എന്നിവരാണ് രാജസ്ഥാന് നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള് റൗണ്ടര്‍ ആന്ദ്രെ റസല്‍(12 കോടി), വെങ്കടേഷ് അയ്യര്‍(8 കോടി) വരുണ്‍ ചക്രവര്‍ത്തി(8 കോടി) സ്പിന്നര്‍ സുനില്‍ നരെയ്ന്(6 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്(16 കോടി), അക്സര്‍ പട്ടേല്‍(9 കോടി),ഓപ്പണര്‍ പൃഥ്വി ഷാ(7.5 കോടി), ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്യ(6.5 കോടി) എന്നിവരെ നിലനിര്‍ത്തി.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(16 കോടി) പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ്(12 കോടി) നിലനിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിനെയും(8 കോടി), കീറോണ്‍ പൊള്ളാര്‍ഡിനെയും(6 കോടി) ആണ് നിലനിര്‍ത്തിയത്.
സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും(14 കോടി) പേസര്‍ ഉമ്രാന് മാലിക്കിനെയും(4 കോടി) ബാറ്റര്‍ അബ്ദുള്‍ സമദിനെും(4 കോടി)നിലനിര്‍ത്തി.
പഞ്ചാബ് കിംഗ്സ് മായങ്ക് അഗര്‍വാളിനെയും(12 കോടി) ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയും(4 കോടി) നിലനിര്‍ത്തി.
പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.
അതേസമയം ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത് ധോണിയെ അല്ല രവീന്ദ്ര ജഡേജയെ എന്നതും കൗതുകമായി. ജഡേജയെ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. 12 കോടി രൂപയാണ് ധോണിക്ക് പ്രതിഫലമായി ലഭിക്കുക. മൊയിന്‍ അലി(8 കോടി) റുതുരാജ് ഗെയ്ക്വാദ്(6 കോടി) എന്നിങ്ങനെയാണ് ചെന്നൈ നിലനിര്‍ത്തിയ കളിക്കാര്‍.