ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി.
ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
പക്ഷേ സംഭവിച്ചത് പേരുകേട്ട ബാറ്റിങ് നിരയുള്ള ആർസിബി നിരയിലെ ഒരു ബാറ്റ്‌സ്മാനും സിക്‌സർ പറത്താൻ സാധിച്ചില്ല. ഫലത്തിൽ 60,000 രൂപ പോലും കൊടുക്കേണ്ടി വന്നില്ല. 92 റൺസിന് ആർസിബി നിരയിലെ എല്ലാവരും കൂടാരം കയറിയ മത്സരത്തിൽ ഫോറുകളുടെ എണ്ണവും കുറവായിരുന്നു. 8 ബൗണ്ടറികൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്.
ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.