രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. 2011ൽ പരീക്ഷിച്ച ഗ്രൂപ്പ് ഫോർമാറ്റിലാവും ഇത്തവണ മത്സരങ്ങൾ. ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ റൗണ്ട് റോബിൽ ഫോർമാറ്റിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കുന്ന 8 ടീമുകളും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് പോയിൻ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കുകയും ചെയ്യും. 10 ടീമുകളായി വർധിക്കുമ്പോൾ ഈ ഫോർമാറ്റിൽ തന്നെ ലീഗ് തുടർന്നാൽ മത്സരങ്ങളുടെ എണ്ണം വർധിക്കുകയും ഐപിഎലിൻ്റെ ദൈർഘ്യം ഏറുകയും ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരങ്ങൾ നടത്താൻ ബിസിസിഐ ശ്രമിക്കുന്നത്.
അഞ്ച് ടീമുകൾ വീതം അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിക്കുക. ഗ്രൂപ്പിലെ ടീമുകൾ തമ്മിൽ പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഇതോടൊപ്പം അടുത്ത ഗ്രൂപ്പിലെ ഒരു ടീമിനെതിരെ രണ്ട് മത്സരങ്ങളും മറ്റ് നാല് ടീമുകൾക്കെതിരെ ഓരോ മത്സരം വീതവും കളിക്കും. ഇതോടെ 74 മത്സരങ്ങളാവും ലീഗിൽ ഉണ്ടാവുക. ഐപിഎലിൻ്റെ ദൈർഘ്യം 54 ദിവസങ്ങളിൽ നിന്ന് 60 ദിവസമായി ഉയരും.
അതേസമയം, ഐപിഎലിനു മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറിലെന്ന് സൂചനയുണ്ട്. മെഗാ ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ കഴിയുന്നത് നാല് താരങ്ങളെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.