Cricket Sports

ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം

ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലൊതുങ്ങി. ഏഴ് കളികളില്‍ നിന്ന് 10 പോയിന്‍റാണ് ബാംഗ്ലൂരിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ബാംഗ്ലൂർ രണ്ടാമതെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തായിരുന്ന ലഖ്നൗ ബാംഗ്ലൂരിനെതിരായ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു.

ലഖ്നൗ ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച ലഖ്നൗവിന് പക്ഷെ ഗ്ലെന്‍ മാക്സ്‌വെല്‍ എറി‌ഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടാൻ കഴിഞ്ഞുള്ളൂ. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച് ലഖ്നൗ തരക്കേടില്ലാതെ തുടങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ (24 പന്തില്‍ 30) ഹര്‍ഷല്‍ പട്ടേല്‍ മടക്കുമ്പോള്‍ ലഖ്നൗ സ്കോര്‍ ബോര്‍ഡില്‍ 64 റണ്‍സെ ഉണ്ടായിരുന്നുള്ളു. ദീപക് ഹൂഡയെയും(13), ആയുഷ് ബദോനിയെയും(13) കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ(28 പന്തില്‍ 42) നടത്തിയ പോരാട്ടം ലഖ്നൗവിന് പ്രതീക്ഷ നല്‍കിയെങ്കിലും ക്രുനാലിനെ മാക്സ്‌വെല്‍ വീഴ്ത്തിയതോടെ ആ പ്രതീക്ഷയും തകര്‍ന്നു. മാര്‍ക്കസ് സ്റ്റോയ്നിസ് 15 പന്തില്‍ 24 റൺസും ജേസണ്‍ ഹോള്‍ഡർ 8 പന്തില്‍ 16 റൺസും നേടി. ബാംഗ്ലൂരിനായി ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 47 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി. സിറാജും മാക്സ്‌വെല്ലും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടമായി ആദ്യബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഡൂപ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്. പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ (4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും (0) നഷ്ടമായി. ഡൂപ്ലെസി 64 പന്തില്‍ 96 റണ്‍സെടുത്തപ്പോള്‍ 26 റൺസുമായി ഷഹബാസ് അഹമ്മദും 23 റൺസുമായി ഗ്ലെന്‍ മാക്സ്‌വെല്ലും ഡൂപ്ലെസിക്ക് മികച്ച പിന്തുണ നല്‍കി.