Cricket

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിനു തകർത്താണ് ബാംഗ്ലൂർ എത്തുന്നത്. വിരാട് കോലിയുടെ മോശം ഫോമാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ഫാഫ് ഡുപ്ലെസി, രജത് പാടിദാർ എന്നിവർ അവസാന ചില മത്സരങ്ങളിൽ ഫോമിലെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും. ഗ്ലെൻ മാക്സ്‌വൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്മദ് എന്നിവരൊക്കെ മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ബൗളിംഗ് നിരയിൽ വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർ മികച്ച രീതിയിൽ കളിക്കുമ്പോൾ മുഹമ്മദ് സിറാജ് കഴിഞ്ഞ സീസണിലെ ഫോമിനരികെ എത്തിയിട്ടില്ല. എങ്കിലും ഇന്ന് ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

ഫയർ ബ്രാൻഡ് ക്രിക്കറ്റ് കളിക്കുന്ന പഞ്ചാബ് വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ല് പോലെയാണ്. ഇതുവരെ രണ്ട് മത്സരങ്ങൾ തുടരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിൻ്റെ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു. ജോണി ബെയർസ്റ്റോ ഫോമിലെത്തിയത് പഞ്ചാബിനു പോസിറ്റീവാണ്. എന്നാൽ, മായങ്ക് അഗർവാൾ മധ്യനിരയിൽ നിരാശപ്പെടുത്തുകയാണ്. ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. കഗീസോ റബാഡ, രാഹുൽ ചഹാർ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ബൗളിംഗ് നിര തരക്കേടില്ലാതെ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.