ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്തുമാണ്. റോയൽസിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനും നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനും ജയം അനിവാര്യമാണ്.
തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്. ടീമിൻ്റെ മോശം പ്രകടനത്തിൽ മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത തെളിഞ്ഞുകാണുന്നു. ബാറ്റിംഗ് നിരയിൽ തുടർച്ചയായി വരുത്തുന്ന മാറ്റങ്ങൾ ടീമിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്. ടീമിൽ നിലനിർത്തിയ വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി എന്നിവരുടെ മോശം ഫോമും ടീമിനെ ബാധിക്കുന്നു. ഉമേഷ് യാദവ്, ടിം സൗത്തി, സുനിൽ നരേൻ തുടങ്ങിയവർ അടങ്ങുന്ന ഭേദപ്പെട്ട ബൗളിംഗ് നിര ഉണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ അസ്ഥിരത തന്നെയാണ് പ്രശ്നമായി നിലനിൽക്കുന്നത്. ക്യാപ്റ്റൻ ശ്രേയാസ് അയ്യർ പൊരുതുന്നുണ്ടെങ്കിലും അദ്ദേഹവും സ്ഥിരതയോടെയല്ല കളിക്കുന്നത്. ടീമിൽ മാറ്റങ്ങളുണ്ടാവുമോ ഇല്ലയോ എന്നത് ശ്രേയാസ് അയ്യർ പോലും കളിക്ക് മുൻപേ അറിയാനിടയൂ. അതുകൊണ്ട് തന്നെ അതിൽ ടീം മാറ്റങ്ങളെപ്പറ്റി പറയുന്നില്ല.
ഇതുവരെ എല്ലാ മത്സരങ്ങളും തോറ്റ മുംബൈക്ക് മുന്നിൽ വീണിട്ടാണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. രാജസ്ഥാൻ്റെ പ്രശ്നങ്ങൾ കൃത്യമായി കഴിഞ്ഞ മത്സരത്തിൽ കണ്ടു. ഓൾറൗണ്ടർ, ഡെത്ത് ഓവർ എന്നീ രണ്ട് കാര്യങ്ങളിലാണ് രാജസ്ഥാൻ വീണുപോയത്. അത് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമാണ്. ടോപ്പ് ഓർഡറിൽ ജോസ് ബട്‌ലറിൻ്റെ പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ്റെ കരുത്ത്. സഞ്ജു ചില നല്ല ഇന്നിംഗ്സുകൾ കളിച്ചെങ്കിലും സ്ഥിരതയില്ല. ദേവ്ദത്ത് പടിക്കലും ഇങ്ങനെ തന്നെയാണ്. ഫിനിഷറായി ഷിംറോൺ ഹെട്‌മെയർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ബൗളിംഗ് നിര ശക്തമാണ്, ഫോമിലുമാണ്. രണ്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഡാരിൽ മിച്ചലിന് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മിച്ചലിനെ പുറത്തിരുത്തി റസ്സി വാൻ ഡർ ഡസ്സന് അവസരം നൽകിയേക്കാനിടയുണ്ട്.