ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്.. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഓവറും പന്തുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് ജയമൊരുക്കിയത്.
കെ എല്‍ രാഹുൽ 55 പന്തില്‍ 67 റണ്‍സെടുത്തു. ഒമ്പത് പന്തില്‍ 22 റണ്‍സുമായി ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ 27 പന്തിൽ നിന്ന് 40 റൺസെടുത്തു. മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും പറത്തിയായിരുന്നു പ്രകടനം. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ കെഎൽ രാഹുലിനൊപ്പം 70 റൺസ് കൂട്ടിച്ചേർത്തു. മായങ്ക് പുറത്തായതിന് ശേഷം രാഹുലിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. നിക്കോളാസ് പൂരൻ (12), എയ്ഡൻ മാർക്രം (18), ദീപക് ഹൂഡ (3) എന്നിവരാണ് മറ്റ് സ്കോറർമാർ.
കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റണ്‍സ് എടുത്തു. 67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പഞ്ചാബിനായി അര്‍ഷദീപ് മൂന്നും ബിഷ്‌നോയി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റു നേടി.
കൊല്‍ക്കത്ത 11 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളില്‍ നിന്നും എട്ടു പോയന്റോടെ ആറാമതുമാണ്.