ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. ആദ്യ കളി പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലും രണ്ടാമത്തെ കളി ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക.
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആവേശ ജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ശിഖർ ധവാൻ്റെ അഭാവത്തിൽ വിജയിക്കാനായത് പഞ്ചാബിന് ആത്‌മവിശ്വാസമാണ്. ഓപ്പണിംഗ് പ്രശ്നത്തിലാണെങ്കിലും മധ്യനിര നന്നായി കളിക്കുന്നു. ബൗളർമാരും അവസരത്തിനൊത്തുയരുന്നുണ്ട്. ലിവിങ്ങ്സ്റ്റണും ധവാനും പരുക്ക് മാറിയെത്തിയാൽ ഇരുവരും കളിക്കും. സിക്കന്ദർ റാസയും അഥർവ തായ്ഡെയും
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റെക്കോർഡ് റൺ ചേസിനരികെയെത്തി കാലിടറി വീണ ആർസിബിയ്ക്ക് മധ്യനിരയാണ് പ്രധാന പ്രശ്നം. കോലി, ഫാഫ്, മാക്സ്‌വൽ എന്നിവർ മടങ്ങിയാൽ പിന്നെ വരാനുള്ളവരൊക്കെ മോശം. ഫോമിലല്ലാത്ത ദിനേശ് കാർത്തിക് അടക്കമുള്ളവർ നിരാശപ്പെടുത്തുന്നു. വെയിൻ പാർനലിനു പകരം മൈക്കൽ ബ്രേസ്‌വെലിനെ പരിഗണിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. ബൗളിംഗ് പതിവുപോലെ തന്നെ സ്ലോഗ് ഓവറിൽ നിരാശപ്പെടുത്തുന്നു. എങ്കിലും ടീമിൽ മാറ്റമുണ്ടായേക്കില്ല.
അഞ്ച് കളിയിൽ അഞ്ച് തോൽവി. ക്യാമ്പിലെ മോഷണം. ഡൽഹി ക്യാപിറ്റൽസ് തീരെ സുഖകരമായ അവസ്ഥയിലല്ല. ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്ക്, പൃഥ്വി ഷായുടെ മോശം ഫോം, സ്ഥിരതയില്ലാത്ത മധ്യനിര. ബാറ്റിംഗാണ് ശരിക്കും ഡൽഹിയുടെ പ്രശ്നം. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭേദമാണ്. ടീമിൽ മാറ്റിപ്പരീക്ഷിക്കാൻ താരങ്ങളുമില്ല. മുകേഷ് കുമാർ, ലളിത് യാദവ്, അമൻ ഹക്കിം ഖാൻ, യാഷ് ധുൽ എന്നിവരിൽ ആരെങ്കിലും പുറത്തിരുന്നേക്കും. പ്രവീൺ ദുബെ, റിപൽ പട്ടേൽ, ചേതൻ സക്കരിയ തുടങ്ങിയവർ കളിച്ചേക്കും.
കൂറ്റൻ സ്കോർ ഉയർത്തിയിട്ടും മുംബൈക്കെതിരെ ദയനീയമായി പരാജയപ്പെട്ടത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. വെങ്കടേഷ് അയ്യരിൻ്റെ തകർപ്പൻ ഫോമാണ് കൊൽക്കത്തയുടെ കരുത്ത്. റിങ്കു സിംഗും പ്രതീക്ഷ നൽകുന്നു. മറ്റ് താരങ്ങളൊന്നും നല്ല പ്രകടനങ്ങളല്ല നടത്തുന്നത്. ബൗളർമാരുടെ മോശം പ്രകടനം കൊൽക്കത്തയ്ക്ക് തലവേദനയാണ്. തുടരെ പരാജയപ്പെടുന്ന റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് ടീമിലെത്തിയേക്കും. മറ്റ് മാറ്റങ്ങളുണ്ടാവില്ല.