Cricket

ഐപിഎൽ: ആര് പ്ലേ ഓഫിൽ കയറണമെന്ന് മുംബൈ തീരുമാനിക്കും; ഇന്ന് ഹൈദരാബാദിനെതിരെ

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്ന് മുംബൈ വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ നാല് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. മറിച്ച് സൺറൈസേഴ്സ് ആണ് വിജയിക്കുന്നതെങ്കിൽ അത് അവരുടെ പ്ലേ ഓഫ് മോഹങ്ങൾക്കും കരുത്തുപകരും. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ന് വിജയിച്ച് സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, പ്ലേ ഓഫ് സാധ്യത നിലനിത്തുക എന്നതാണ് സൺറൈസേഴ്സിൻ്റെ ലക്ഷ്യം.

തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് ഹൈദരാബാദ് എത്തുന്നത്. ക്യാപ്റ്റൻ കെയിൻ വില്ല്യംസണിൻ്റെ മോശം ഫോമാണ് അവരെ ഏറെ വലയ്ക്കുന്നത്. ചില മികച്ച പ്രകടനങ്ങൾക്കു ശേഷം രാഹുൽ ത്രിപാഠിയുടെ ഫോം നഷ്ടപ്പെട്ടതും എയ്ഡൻ മാർക്രം, നിക്കോളാസ് പൂരാൻ എന്നിവരുടെ അസ്ഥിരതയും ഹൈദരാബാദിന് തിരിച്ചടിയാണ്. ഭുവനേശ്വർ കുമാറിനെ മാറ്റിനിർത്തിയാൽ സൺറൈസേഴ്സിൻ്റെ ബൗളിംഗ് യൂണിറ്റും നിരാശപ്പെടുത്തുകയാണ്. ഉമ്രാൻ മാലിക് ചില തകർപ്പൻ സ്പെല്ലുകൾ എറിഞ്ഞെങ്കിലും താരം സ്ഥിരത പുലർത്തുന്നില്ല. നടരാജനും പഴയ മൂർച്ചയില്ല. ടീമിൽ മാറ്റങ്ങൾ വരുത്താൻ പ്രത്യേകിച്ച് ഓപ്ഷനുകളുമില്ല.

പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശർമ്മ-ഇഷാൻ കിഷൻ സഖ്യം ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്യുന്നത് അവർക്ക് ആശ്വാസമാണ്. മധ്യനിരയിൽ തിലക് വർമ കാണിക്കുന്ന ഉത്തരവാദിത്തം ഗംഭീരമാണ്. ടിം ഡേവിഡ് ഫോമിലേക്കുയർന്നത് മുംബൈയുടെ ടീം ബാലൻസ് വർധിപ്പിച്ചിട്ടുണ്ട്. പവർ പ്ലേയിലെ ഗംഭീര പ്രകടനങ്ങൾ അടക്കം ഡാനിയൽ സാംസ് ഒരു ബൗളറെന്ന നിലയിൽ ഫോമിലേക്കുയർന്നതും മുംബൈയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ടീമിൽ മാറ്റമുണ്ടായേക്കില്ല.