Cricket Sports

പ്ലേഓഫ് തേടി ഗുജറാത്ത് ടൈറ്റൻസ്; വഴിമുടക്കാന്‍ മുംബൈ

ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍, മുംബൈ അവസാന സ്ഥാനക്കാരുമാണ്. ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

പഞ്ചാബിനോടേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണില്‍ അവര്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കെതിരേ മാത്രമാണ്. 10 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു തോല്‍വിയുമടക്കം 16 പോയിന്റോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്.

ഇത്രയും മോശം സീസണ്‍ രോഹിത്തിനും സംഘത്തിനും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷയും മങ്ങി. ഒടുവില്‍ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ തുടര്‍ പരാജയങ്ങള്‍ക്ക് വിരാമമിട്ടത്. അവസാന മല്‍സരത്തില്‍ വിജയവഴിയില്‍ മടക്കിയെത്താന്‍ സാധിച്ചതിനാല്‍ മുംബൈ ഇന്ത്യന്‍സ് ടീം കോമ്പിനേഷന്‍ മാറ്റാന്‍ സാധ്യതയില്ല.

വിന്നിംഗ് കോമ്പിനേഷന്‍ തന്നെ ടൈറ്റന്‍സിനെതിരേ അവര്‍ നിലനിര്‍ത്തിയക്കും. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ഒരു മാറ്റമുണ്ടായേക്കും. പ്രദീപ് സാങ്വാനു പകരം യഷ് ദയാല്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍.