Cricket Sports

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (IPL kick off April)

അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങൾ വീതം ഉണ്ടാവും.

സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകൾ. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി.

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.

ലക്നൗ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ. ആർപിഎസ്ജിക്ക് ലക്നൗവും സിവിസിക്ക് അഹ്മദാബാദും ലഭിച്ചു. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്.

22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി.