ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പരാജയം സഹിതം 4 പോയിൻ്റുള്ള ഡൽഹി 10ആം സ്ഥാനത്തുമാണ്.
ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാർ അത് ആവർത്തിക്കാനുള്ള യാത്രയിലാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും മികച്ച താരങ്ങൾ. സമ്പന്നമായ ബെഞ്ച് സ്ട്രെങ്ങ്ത്, ഹോം എവേ മത്സരങ്ങളിൽ ഒരു ഇലവനെ അണിനിരത്താൻ കഴിയും വിധത്തിലുള്ള കരുത്ത്. ഗുജറാത്ത് ആണ് നിലവിൽ ഐപിഎലിലെ ടീം ടു ബീറ്റ്. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോം ഗുജറാത്തിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. വിജയ് ശങ്കറിൻ്റെ ശൈലീമാറ്റം ഗുജറാത്തിൻ്റെ ബാലൻസ് അവിശ്വസനീയമാം വിധം വർധിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ, നൂർ അഹ്‌മദ് എന്നിവരടങ്ങിയ ബൗളിംഗ് നിര ടൂർണമെൻ്റിലെ ഏറ്റവും മികച്ചതാണ്. ടീമിൽ മാറ്റമുണ്ടാവില്ല.
നേരെ വിപരീതമാന് ഡൽഹി ക്യാമ്പിലെ അവസ്ഥ. അക്സർ പട്ടേലിനെ മാറ്റിനിർത്തിയാൽ ഒരൊറ്റയാൾ പോലും ഫോമിലല്ല. മിച്ചൽ മാർഷ് തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുന്നു. സ്റ്റാർ ബാറ്റർ ഡേവിഡ് വാർണറിൻ്റെ ഫോമില്ലായ്‌മ അവരെ സാരമായി ബാധിക്കുന്നുണ്ട്. ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ആൻറിച് നോർക്കിയ എന്നിവരടങ്ങിയ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭേദപ്പെട്ടതാണെങ്കിലും ബാറ്റിംഗ് നിരയുടെ പിടിപ്പുകേട് അതൊക്കെ തകിടം മറിയ്ക്കുന്നു. ഈ കളി കൂടി തോറ്റാൽ ഡൽഹിയുടെ അവസാന പ്രതീക്ഷയും അണയും.