ഐപിഎൽ മെഗാ ലേലം പുരോഗമിക്കുകയാണ്. 15 കോടി 25 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ ടീമിൽ നിലനിർത്തിയതും വെറും 2 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ജേസൻ റോയിയെ സ്വന്തമാക്കിയതുമൊക്കെ ലേലവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ നടത്തുന്ന ചർച്ചകളാണ്. ഇതിനൊപ്പം മറ്റ് ചില ചർച്ചകൾ കൂടി സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. രസകരമായ ചില ചർച്ചകൾ.
ലേലത്തിൽ രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയൻ്റ്സും വിളിച്ചെടുത്ത ചില താരങ്ങൾ പഴയ പഴയ ചില ബന്ധങ്ങളുണ്ട്. രാജസ്ഥാൻ വിളിച്ചെടുത്ത ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും ടീമിൽ നിലനിർത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറും തമ്മിലുള്ളത് ഒരു മങ്കാദിംഗ് ബന്ധമാണ്. 2019ൽ പഞ്ചാബ് കിങ്സിൻ്റെ ക്യാപ്റ്റനായിരുന്ന അശ്വിൻ ബട്ലറെ മങ്കാദിങ് ചെയ്തിരുന്നു. ഫിഫ്റ്റിയടിച്ച് മികച്ച ഫോമിൽ നിൽക്കുകയായിരുന്ന ബട്ലറെ മങ്കാദിങ് ചെയ്തത് വിവാദമായി. കളി രാജസ്ഥാൻ പരാജയപ്പെടുകയും ചെയ്തു. മങ്കാദിങ് ചെയ്ത അശ്വിനെ ശരിക്കൊന്ന് കാണാൻ ബട്ലർ കാത്തിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്.
സീസണിൽ പുതുതായി രൂപീകരിക്കപ്പെട്ട ലക്നൗ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ച ദീപക് ഹൂഡയും കൃണാൽ പാണ്ഡ്യയും തമ്മിലുമുണ്ട് പഴയ ഒരു ബന്ധം. 2020 സീസണിൽ ഇരുവരും ബറോഡയ്ക്ക് വേണ്ടിയാണ് ആഭ്യന്തര മത്സരം കളിച്ചിരുന്നത്. ആ സമയത്ത് കൃണാൽ ആയിരുന്നു ക്യാപ്റ്റൻ. ഈ സമയത്ത് ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ സീസണിൽ ഹൂഡ രാജസ്ഥാനിലേക്ക് മാറിയിരുന്നു.
യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്.