Cricket Sports

ഇഷാൻ കിഷന് 15.25 കോടി; ഹസരങ്കയ്ക്കും ഹർഷൽ പട്ടേലിനും 10.75 കോടി രൂപ വീതം

യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും ഇന്ത്യൻ പേസർ ഹർഷൽ പട്ടേലും 10.75 കോടി രൂപ വീതം നേടി. ഇരുവരെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് സ്വന്തമാക്കിയയത്. 8.75 കോടി രൂപ മുടക്കി വാഷിംഗ്ടൺ സുന്ദറിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചപ്പോൾ 8.25 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സ് കൃണാൽ പാണ്ഡ്യയെ സ്വന്തമാക്കി.

ഒരു കോടി രൂപ ആയിരുന്നു ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള വനിന്ദു ഹസരങ്കയുടെ അടിസ്ഥാന വില. സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലായിരുന്നു ആദ്യം ഹസരങ്കയ്ക്ക് വേണ്ടി ബിഡിംഗ് വാർ നടത്തിയത്. പിന്നീട് ആർസിബിയും കളത്തിലിറങ്ങി. പഞ്ചാബുമായി നടന്ന നീണ്ട ബിഡിംഗ് വാറിനു ശേഷമാണ് ആർസിബി ഹസരങ്കയെ ടീമിലെത്തിച്ചത്. 2 കോടി രൂപ ആയിരുന്നു ഹർഷലിൻ്റെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനായി തുടക്കം മുതൽ ആർസിബി കളത്തിലുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സുമായി ആദ്യ ഘട്ടത്തിൽ പോരടിച്ച് അവർ പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ കടുത്ത പോരാട്ടം അതിജീവിച്ച് ഹർഷലിനെ ടീമിൽ നിലനിർത്തി. ഹസരങ്കയും ഹർഷലും കഴിഞ്ഞ സീസണിൽ ആർസിബിയിൽ കളിച്ചിരുന്നു. കഴിഞ്ഞ വർഷം 20 ലക്ഷം രൂപയ്ക്കാണ് ഹർഷൽ ബാംഗ്ലൂരിലെത്തിയത്.