Cricket

പിങ്ക് തന്നെ മിന്നി; ധോണിയുടെ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുപ്പട

രണ്ടാം മത്സരത്തിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്കായി ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് പൊരുതിയത്. 

ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാളാണ് രാജസ്ഥാനെ 200 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും എടുത്തുപറയണം. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രാജസ്ഥാന്‍റെ ആദം സാമ്പ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.

21 പന്തില്‍ 27 റണ്‍സുമായി ബട്‍ലര്‍ മടങ്ങി. ദേവദത്ത് പടിക്കലിനെ പിന്നോട്ടിറക്കി നായകൻ സഞ്ജു സാംസണ്‍ ആണ് മൂന്നാമനായി എത്തിയത്. ജഡേജയെ ഫോറടിച്ച് സഞ്ജു തുടങ്ങിയെങ്കിലും 17 പന്തില്‍ അത്രയും തന്നെ റണ്‍സെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ മടങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഡെവോണ്‍ കോണ്‍വെ 16 പന്തില്‍ എട്ട് റണ്‍സ്, അജിൻക്യ രഹാനെ, അമ്പാടി റായിഡ‍ു തുടങ്ങിവർ നേരത്തെ മടങ്ങി. 29 പന്തില്‍ 47 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ സ്കോര്‍ ബോര്‍ഡിലെ റണ്‍സിലേറെയും ചേര്‍ത്തത്. ശിവം ദുബെയും മോയിൻ അലിയും ചേര്‍ന്നതോടെയാണ് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.