Cricket Sports

ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ്

ഇന്ത്യൻ പ്രിമിയർ ലീ​ഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി. 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണുമാണ് പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അവസാന പന്തിൽ ജയിക്കാന്‍ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്കന്ദർ റാസയാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. 

നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഡെവോൺ കോൺവേയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈ മികച്ച സ്‌കോർ നൽകിയത്. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ചെന്നൈ 200 റൺസെടുത്തത്. ഡെവോൺ കോൺവേ 52 പന്തിൽ 16 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയില്‍ 92 റൺസെടുത്ത് പുറത്താവാതെ നിന്നു.

കളി പരാജയപ്പെട്ടെങ്കിലും ധോണി തകർപ്പൻ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന രണ്ട് പന്തും സിക്‌സർ പറത്തിയാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. പഞ്ചാബ് ഓപ്പണറായ പ്രഭ്‌സിംറാൻ സിങ്ങിനെ പുറത്താക്കാൻ ധോണി നടത്തിയൊരു സ്റ്റമ്പിങും സോഷ്യൽ മീഡിയയിൽ വൈറലായി.

ചെന്നൈയ്ക്കായി ഓപ്പണർമാരായ ഗെയ്ക് വാദും കോൺവേയും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസിന്‍റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 37 റൺസെടുത്ത ഗെയ്ക്വാദ് റാസക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ ശിവം ദുബേ 28 റൺസെടുത്ത് മടങ്ങി. അതിന് ശേഷം ക്രീസിലെത്തിയ ജഡേജക്കും മുഈൻ അലിക്കും വലിയ സംഭാവനകൾ നൽകാനായില്ല.