Cricket

‘സൂര്യതാണ്ഡവം’; ആർസിബിയ്ക്കെതിരെ മുംബൈയ്ക്ക് ജയം

ഐപിഎലിൽ ആർസിബിക്കെതിരെ മുംബൈക്ക് ജയം. സൂര്യകുമാർ യാദവിന്റെ കൂറ്റനടിക്ക് മുന്നിൽ ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 20 ഓവറിൽ ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 16.3 ഓവറിൽ 200 റൺസ് നേടി ജയത്തിലേക്ക് എത്തുകയായിരുന്നു.

മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് 83(35), നെഹാൽ വഡേര 52(34), ഇഷാൻ കിഷൻ 42 (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വിശാഖും ഹസരങ്കയുമാണ് ബാംഗ്ലൂരിനായി രണ്ടു വിക്കറ്റ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാൽ ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) കരുത്തിൽ ആർസിബി 200 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്തി.

വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് കരുത്തേക്കി. കേദാര്‍ ജാദവ് (12), വാനിന്ദു ഹസരങ്ക (12) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.