ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടിയ മത്സരം സംപ്രേഷണം ചെയ്ത് ചരിത്രം സൃഷ്ടിച്ച് ജിയോ സിനിമ. ഇന്നലെ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം കണ്ടത് 2.4 കോടി അഥവാ 24 ദശലക്ഷം ജനങ്ങളാണ്. ഈ സീസൺ ഐപിഎല്ലിൽ ഓൺലൈൻ ലൈവ് സ്ട്രീമിങ്ങിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഏപ്രിൽ പന്ത്രണ്ടിന് ചെന്നൈയും രാജസ്ഥാനുമായുള്ള മത്സരം കണ്ടത് 22 ദശലക്ഷം പ്രേക്ഷകരായിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ അവസാന ഓവറിലാണ് കാഴ്ചക്കാരുടെ എണ്ണം 24 ദശലക്ഷത്തിലെത്തിയത്. ആവേശകരമായ ഈ മത്സരത്തിൽ ചെന്നൈ 8 റൺസിന് വിജയിച്ചു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സീസണിൽ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം വിവിധ കമ്പനികൾക്കാണ്. ടിവി സംപ്രേക്ഷണാവകാശം സ്റ്റാർ സ്പോർട്സ് നിലനിർത്തിയപ്പോൾ ഡിജിറ്റൽ സംപ്രേക്ഷണാവകാശം നേടിയത് റിലയൻസ് ആയിരുന്നു. അവരുടെ കീഴിലുള്ള ജിയോ സിനിമയാണ് ഡിജിറ്റലായി ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത്. ജിയോ-സിനിമ ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഐപിഎല്ലിന്റെ വ്യൂവർഷിപ്പ് വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായിച്ചു.
മുൻ കാലങ്ങളിൽ ഐപിഎൽ ഡിജിറ്റൽ സംപ്രേക്ഷണം ചെയ്ത ഡിസ്നി ഹോട്ട്സ്റ്റാറിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് 18.6 ദശലക്ഷമായിരുന്നു. അതും 2019 സീസണിന്റെ അവസാന മത്സരത്തിൽ. ആ റെക്കോർഡ് തകർത്താണ് ജിയോ സിനിമ 24 ദശലക്ഷം എന്ന ഉയർന്ന എന്നതിലേക്ക് എത്തിയത്.