Cricket

മികവിൽ ഗുജറാത്ത് ഫൈനലിലേയ്ക്ക്; ഞായറാഴ്ച ചെന്നൈയെ നേരിടും

ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് ജയം. ജയിക്കാൻ 234 റൺസ് വേണ്ടിയിരുന്ന മുബൈ 18.2 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മുബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് പൊരുതിയെങ്കിലും ജയത്തിലേക്ക് എത്താൻ സാധിച്ചില്ല.

സൂര്യകുമാർ യാദവ് 61, തിലക് വർമ്മ 43, കാമറോൺ ഗ്രീൻ 30 ഒഴികെ മറ്റാരും മുംബൈക്കായി പൊരുതി നിൽക്കാൻ പോലും തയാറായില്ല. ഗുജറാത്ത് ബൗളിങ്ങിന് മുന്നിൽ ആദ്യം മുതലേ പതറുകയായിരുന്നു മുബൈ ബാറ്റർമാർ. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ 5 വിക്കറ്റ് നേടി. മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നേടി.

നേരത്തെ ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികവ് കാട്ടി. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയുഷ് ചൗള, ആകാശ് മദ്വാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ താരമായ ആകാശ് മദ്വാൽ 4 ഓവറിൽ വഴങ്ങിയത് 52 റൺസാണ്. മുംബൈ നിരയിൽ ആറ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആരും കാര്യമായ മികവ് കാട്ടിയില്ല.

ഈ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.