മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ മറികടന്ന് ബാംഗ്ലൂരിന് വിജയം. എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ വിജയിച്ച് കയറിയത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ബാംഗ്ലൂരിന്റെ മറുപടി വിരാട് കോലിയുടെയും ഡ്യൂപ്ലസീസിന്റെയും മിന്നല്‍ അര്‍ധ സെഞ്ച്വറികളിലൂടെയായിരുന്നു. കോലി 49 പന്തില്‍ 82 റണ്‍സും ഡ്യൂപ്ലസീസ് 43 പന്തില്‍ 73 റണ്‍സും നേടി.
ഓപ്പണിങ് ക്രിക്കറ്റില്‍ 148 കൂട്ടിച്ചേര്‍ത്ത സഖ്യം ബാംഗ്ലൂര്‍ വിജയത്തിന് അടിത്തറ ഇടുകയായിരുന്നു. ബാംഗ്ലൂരിന് 73 റണ്‍സെടുത്ത ഡ്യുപ്ലസസിന്റെയും റണ്‍സ് ഒന്നുമെടുക്കാത്ത ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പരുക്കിന്റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിന് കാര്യമായി തിളങ്ങാനായില്ല.
നേരത്തെ തിലക് വര്‍മയുടെ അര്‍ധസെഞ്ച്വറി കരുത്തിലാണ് മുംബൈ 171 റണ്‍സ് നേടിയത്. ആദ്യ ഓവര്‍ മുതല്‍ അക്രമിച്ച് കളിക്കുക എന്ന നയം വ്യക്തമാക്കിയ ആര്‍സിബി എളുപ്പത്തില്‍ വിജയം സ്വന്തമാക്കുകയായിരന്നു. 5 തവണ കിരീടം നേടിയ മുംബൈ ആദ്യമത്സരത്തിലെ തോല്‍വി മറികടന്ന് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതുവരെ കിരീടം നേടാത്ത ആര്‍സിബിക്ക് ഇത് കിരീടത്തിലേക്കുള്ള യാത്രയിലേക്കുള്ള തുടക്കമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.