Cricket

ഐപിഎല്ലിന് നാളെ തുടക്കം; പരിശോധിക്കാം പുതിയ സീസണിലെ മാറ്റങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇംപാക്ട് പ്ലേയർ നിയമം. 4 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ ഉൾപ്പെടെ 15 പേരടങ്ങിയ ലിസ്റ്റാണ് കളിക്ക് മുന്നോടിയായി ഒരു ടീം സമർപ്പിക്കേണ്ടത്. ഇതിൽ, 4 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളിലാർക്കും ഇംപാക്ട് പ്ലേയർ ആകാം. അതായത്, കളിക്കിടയിൽ ഒരു താരത്തിന് പകരം നമുക്ക് നമ്മുടെ ഇംപാക്ട് പ്ലേയറെ ഇറക്കാം. അയാൾക്ക് ബാറ്റിങ്ങും ഫുൾ ക്വാട്ട ഓവർ ബോളിങ്ങും ചെയ്യാം. പക്ഷെ, ഇന്നിങ്സിൽ ഇംപാക്ട് പ്ലേയറെ കളത്തിലിറക്കേണ്ടത് പതിനാലാം ഓവറിന് മുൻപ് ആയിരിക്കണമെന്ന് നിബന്ധന ഉണ്ട്. ടീമിൽ നാല് വിദേശ താരങ്ങൾ ഉണ്ടെങ്കിൽ ഇംപാക്ട് താരമായി ഇന്ത്യൻ താരം തന്നെ ഇറങ്ങണമെന്നതും മറ്റൊരു നിബന്ധനയാണ്. സബ്ബ്ഡ് ഓഫ് ആയ കളിക്കാരന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ല. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ പരീക്ഷിച്ച് വിജയിച്ച ഒരു മാറ്റം കൂടിയാണ് ഇംപാക്ട് പ്ലേയർ.

മറ്റൊരു ആകർഷകമായ മാറ്റം പ്ലേയിംഗ് ഇലവനെ പറ്റിയുള്ളതാണ്. പുതിയ നിയമ പ്രകാരം, ടോസ് കഴിഞ്ഞതിന് ശേഷം മാത്രമേ ടീമുകൾക്ക് തങ്ങളുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കാൻ സാധിക്കു. അതായത്, ടോസിനായി മൈതാനത്തേക്ക് വരുന്ന ക്യാപ്റ്റന്റെ കയ്യിൽ രണ്ട് ടീം ഷീറ്റുകൾ ഉണ്ടാകും. ടോസ് ലഭിക്കുന്നതിന് അനുസരിച്ച് ഈ ലിസ്റ്റ് ഉപയോഗിക്കാം. ചുരുക്കത്തിൽ, ടോസിന്റെ ആനുകൂല്യം എന്ന ഘടകം ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് അപ്രത്യക്ഷമാകും. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ ഈ നിയമം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

ഡിസിഷൻ റിവ്യൂ സിസ്റ്റം അഥവാ ഡിആർഎസുമായി ബന്ധപ്പെട്ടതാണ് ഇനിയുള്ള മാറ്റം. മുൻപ് വിക്കറ്റുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മാത്രമാണ് ഡിആർഎസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ, പുതിയ സീസൺ മുതൽ ഓൺ ഫീൽഡ് അമ്പയർമാർ വിധിക്കുന്ന വൈഡും നോബോളും ഇനി ഡിആർഎസിന്റെ പരിധിയിൽ വരും. ലീഗിലെ വൈഡ് നോബോൾ വിവാദങ്ങൾ കുറയ്ക്കുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇത്തവണയും ഒരു ടീമിന് 2 തവണ ഡിആർഎസിനെ ആശ്രയിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.

കൃത്യസമയത്ത് ഓവറുകൾ പൂർത്തിയാക്കില്ലെങ്കിൽ ഇത്തവണ ബോളിംഗ് ടീമിന് പണികിട്ടും. കൃത്യസമയത്ത് പൂർത്തിയാകാത്ത ഓവറിൽ 4 ഫീൽഡർമാർക്ക് മാത്രമാണ് 30 വാര സർക്കിളിന് പുറത്ത് നിൽക്കാൻ അനുമതി. അനാവശ്യ ചലനങ്ങൾക്ക് വിക്കറ്റ് കീപ്പറോ ഫീൽഡറോ ശ്രമിക്കുന്നതും പ്രശ്നമാണ്. എറിഞ്ഞ പന്ത് ഡെഡ് ബോളായി പരിഗണിക്കുമെന്ന് മാത്രമല്ല, ബാറ്റിംഗ് ടീമിന്റെ അക്കൌണ്ടിൽ 5 റൺസും കൂട്ടിച്ചേർക്കപ്പെടും.

ഹോം എവേ ഫോർമാറ്റിലേക്ക് മത്സരങ്ങൾ തിരിച്ചെത്തുന്ന സീസൺ കൂടിയാണ് ഇത്തവണത്തേത്ത്. ഓരോ ടീമും 7 വീതം ഹോം എവേ മത്സരങ്ങൾ കളിക്കും. അങ്ങനെ 70 മത്സരങ്ങൾക്ക് ശേഷം, എലിമിനേറ്ററും ക്വാളിഫയറും കടന്നാണ് ഫൈനൽ നടക്കുക. ഇത്തരത്തിൽ പുത്തൻ മാറ്റങ്ങളുമായി ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരി തെളിയുമ്പോൾ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.