Cricket Sports

ആരാധകർക്ക് സന്തോഷിക്കാം: ഐപിഎല്ലിന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും

ഏറെ മാറ്റങ്ങളോടെ എത്തുന്ന ഈ സീസൺ ഐപിഎല്ലിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം ഐ.പി.എൽ തന്നെ മാറ്റുമോ എന്ന ആശങ്കകൾക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത. കോവിഡ് കേസുകൾ വെല്ലുവിളി ഉയർത്തിയില്ലെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരാനുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ഐ.പി.എൽ മെഗാ ലേലം രണ്ടാഴ്ചക്കുള്ളിൽ ബംഗളൂരുവിൽ നടക്കും. 1214 കളിക്കാരാണ് ഇക്കുറി ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ദിവസമായി ബംഗളൂരുവിലാണ് ലേലം നടക്കുക. നിലവിലുള്ള ടീമുകൾക്ക് പുറമെ ലക്‌നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ലോകേഷ് രാഹുലാണ് ലകനൗ ടീമിനെ നയിക്കുന്നത്. അഹമ്മദാബാദിനെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും നയിക്കും. പുതിയ രണ്ട് ടീമുകൾ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർന്നിട്ടുണ്ട്. ടീമുകളുടെ എണ്ണം വർധിച്ചത് ഇക്കുറി ലേലത്തിന്റെ ആവേശവും ഉയർത്തുമെന്ന കാര്യം ഉറപ്പ്. ടീമുകൾ ലേലത്തിന് മുൻപ് നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് വന്നതോടെ ലേലത്തിനുണ്ടാവുന്ന താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിലും ഏകദേശ ചിത്രം പുറത്ത് വന്നു കഴിഞ്ഞു. അതേസമയം മുൻ ലേലങ്ങളിലേത് പോലെ ഇക്കുറിയും ഇന്ത്യൻ താരങ്ങൾക്ക് ലേലത്തിലുള്ള ഡിമാൻഡ് വളരെ വലുതായിരിക്കും.