തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗുജറാത്ത് ടൈറ്റൻസിൻ്റെ യുപി താരം യാഷ് ദയാൽ. ലവ് ജിഹാദിനെപ്പറ്റി വർഗീയ പോസ്റ്റ് പങ്കുവച്ച്, പിന്നീട് അതിന് മാപ്പ് പറഞ്ഞതിനു പിന്നാലെയാണ് ഈ രണ്ട് പോസ്റ്റുകളും താൻ ചെയ്തതല്ലെന്നും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും ദയാൽ പ്രസ്താവന ഇറക്കിയത്.
“ഇന്ന് രണ്ട് പോസ്റ്റുകൾ എൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ടും ചെയ്തത് ഞാനല്ല. എന്റെ അക്കൗണ്ട് മറ്റൊരാൾ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നതായി ഞാൻ കരുതുന്നതിനാൽ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. എൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ പൂർണ നിയന്ത്രണം വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുന്നു. ഇന്ന് പങ്കിട്ട ചിത്രം എന്റെ ശരിയായ വിശ്വാസങ്ങളെ വെളിപ്പെടുത്തന്നതല്ല.”- വാർത്താക്കുറിപ്പിലൂടെ ദയാൽ അറിയിച്ചു.
ഇന്നലെയാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ട് യാഷ് ദയാൽ വർഗീയ പോസ്റ്റ് ചെയ്തത്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. വിവാദമായതോടെ ദയാൽ ഈ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെത്തന്നെ മാപ്പപേക്ഷിച്ചു. ‘സ്റ്റോറിക്ക് മാപ്പ്. അബദ്ധത്തിൽ പോസ്റ്റ് ചെയ്തുപോയതാണ്. വെറുപ്പ് പടർത്തരുത്. എല്ലാ വിഭാഗങ്ങളോടും എനിക്ക് ബഹുമാനമുണ്ട്.’- മാപ്പപേക്ഷിച്ചുകൊണ്ട് ദയാൽ കുറിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൻ്റെ അവസാന ഓവറിൽ റിങ്കു സിംഗിനെതിരെ അഞ്ച് സിക്സർ വഴങ്ങിയ താരമാണ് ദയാൽ. ഓവറിലെ 29 റൺസ് വിജയലക്ഷ്യം അവസാന അഞ്ച് പന്തുകളും അതിർത്തിക്കപ്പുറം കടത്തിയാണ് റിങ്കു മറികടന്നത്. ഇതോറ്റെ താൻ ആകെ തളർന്നുപോയെന്നും വിഷാദരോഗത്തിൽ പെട്ടുപോയെന്നും ദയാൽ പറഞ്ഞതായി ടീം ക്യാപ്റ്റൻ ഹാർദിക് അറിയിച്ചിരുന്നു. ഈ മത്സരത്തിനു ശേഷം 9 മത്സരങ്ങൾ പുറത്തിരുന്ന താരം സൺറൈസേഴ്സിനെതിരെയാണ് പിന്നീട് കളിച്ചത്.