Cricket Sports

ധോണിയുടെ പരിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ഭീഷണിയോ?

ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ ഡെയില്‍ സ്റ്റെയിന് തന്‍റെ പരിക്ക് ഗുരുതരമാകാന്‍ വെറും രണ്ട് ദിവസം മാത്രമാണ് വേണ്ടിവന്നത്. അത് ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ അതേ ആശങ്ക അഭിമുഖീകരിക്കാതിരിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.

നടുവ് വേദനയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണി കളിക്കുന്നത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള വിജയത്തിന് ശേഷം വിശ്രമമായിരിക്കും തനിക്ക് നല്ലതെന്നുള്ള ഒരു സൂചനയാണ് ധോണി നല്‍കിയത്. അങ്ങിനെയെങ്കില്‍ മുംബൈക്കെതിരെയുള്ള മത്സരം വിജയിച്ച് മുന്‍നിരയില്‍ തന്നെ പ്ലെ ഓഫ് ഉറപ്പാക്കിയ ശേഷം ഒരാഴ്ച ധോണിക്ക് വിശ്രമിക്കാം. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍. പക്ഷെ, ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്‍റ് മൈക്ക് ഹസി പറഞ്ഞത്.

അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തില്‍ പോലും മാറി നില്‍ക്കാന്‍ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്. ആയതിനാല്‍, വിശ്രമം വേണോ എന്നതിന്‍റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബി.സി.സി.ഐയും.