Cricket Sports

IND vs AUS: നടരാജനെ അങ്ങനെ വിടാന്‍ ടീം ഇന്ത്യക്കു ഭാവമില്ല, ടെസ്റ്റിലും കളിച്ചേക്കും !

ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഇന്ത്യയുടെ കണ്ടുപിടുത്തമായി മാറിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ ഉടനെയൊന്നും നാട്ടിലേക്കു മടക്കി അയക്കാന്‍ ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും നടരാജന് നറുക്കു വീണേക്കുമെന്നാണ് സൂചനകള്‍. നടരാജനുള്‍പ്പെടെ നേരത്തേ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്ന മൂന്നു താരങ്ങളോട് ഓസ്‌ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍, സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കൊപ്പം തന്നെ തുടരുക. ഇവരില്‍ ചിലര്‍ക്കു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനും അവസരം ലഭിച്ചേക്കും. 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

താരങ്ങളുടെ പരിക്ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ചില താരങ്ങള്‍ക്കേറ്റ പരിക്കു കാരണമാണ് മൂന്നു പേരെയും ടെസ്റ്റിലും നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പരിക്കുകാരണം ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നുറപ്പായ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ സുന്ദറിനോട് തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മ പരിക്കിനെ തുടര്‍ന്ന് ടെസ്റ്റില്‍ കളിക്കുന്നില്ല. അദ്ദേഹത്തിന്റെ ബാക്കപ്പായാണ് താക്കൂര്‍, നടരാജന്‍ എന്നിവര്‍ ടീമില്‍ തുടരുന്നത്.

നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് നടരാജനായിരുന്നു. അതുകൊണ്ടു തന്നെ ടെസ്റ്റിലും അദ്ദേഹത്തെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി നടരാജന്‍ കൂടിയെത്തുന്നതോടെ ഇന്ത്യന്‍ പേസ് ബൗളിങിന്റെ മൂര്‍ച്ച കൂടും.

രോഹിത് ടീമിനൊപ്പം ചേരും

വെള്ളിയാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് പരിശോധനയില്‍ ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ വിജയിച്ചിരുന്നു. ഞായറാഴ്ച മുംബൈയില്‍ നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കും. ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നാലും ആദ്യത്തെ രണ്ടു സ്റ്റെുകളില്‍ രോഹിത്തിനു കളിക്കാനാവില്ല. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന നിബന്ധനയെത്തുടര്‍ന്നാണിത്.

എന്നാല്‍ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോടു ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. എത്രയും വേഗത്തില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ആദ്യ ടെസ്റ്റ് 17ന്

ഈ മാസം 17ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ സേവനം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു ലഭിക്കുകയുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ഒന്നാം ടെസ്റ്റിനു അദ്ദേഹം നാട്ടിലേക്കു മടങ്ങും.