ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്.
അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്‌പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങളും കട്ടക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടി20 മത്സരങ്ങളും നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് ഏകദിനം അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലും നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ടി20 പരമ്പരയിൽ 75 ശതമാനം കാണികൾക്ക് പ്രവേശനം നൽകുമെന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-വിൻഡിസ് പരമ്പരയിലെ മൂന്ന് ടി 20 മത്സരങ്ങളും ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. ഇൻഡോർ, ഔട്ട്ഡോർ കായിക മത്സരങ്ങൾക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ സർക്കാർ തിങ്കളാഴ്ച അനുവാദം നൽകിയിരുന്നു. ഇതോടെ ഈഡൻ ഗാർഡനിൽ 50,000ത്തോളം കാണികൾക്ക് പ്രവേശനം ലഭിക്കും. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് തരംഗം ഇന്ത്യയിൽ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്.
ഇന്ത്യയിലെ പരമ്പരക്കായി കെമർറോച്ച്, എക്രുമാ ബോന്നെർ എന്നിവരെ വെസ്റ്റിൻഡീസ് തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫാബിയൻ അലെൻ, ഡാരൺ ബ്രാവേ, ഷർമാ ബ്രൂക്‌സ്, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീൽ ഹൊസൈൻ, അൽസരി ജോസഫ്, ബ്രാൻഡൻ കിംഗ്, നികോളാസ് പൂരാൻ, റൊമാരിയോ ഷെപേർഡ്, ഒഡിയൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ എന്നിവരും പൊള്ളാർഡിന്റെ സംഘത്തിലുണ്ട്.