Cricket Sports

പവൽ വെടിക്കെട്ടിലും പതറാതെ ഇന്ത്യ; അവസാന ഓവറിൽ ആവേശ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ആവേശ ജയം. 8 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിൻഡീസിനായി റോവ്‌മൻ പവൽ 36 പന്തുകളിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്നു. നിക്കോളാസ് പൂരാൻ 62 റൺസ് നേടി പുറത്തായി.

തുടക്കത്തിൽ വിൻഡീസ് ബാറ്റർമാരെ പിടിച്ചുനിർത്തിയ ഇന്ത്യ സ്കോറിംഗ് പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു. ആദ്യ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് മാത്രമാണ് വിൻഡീസിനു നേടാനായത്. പവർപ്ലേയുടെ അവസാന ഓവറിൽ കെയിൽ മയേഴ്സിനെ (9) ചഹാൽ സ്വന്തം പന്തിൽ പിടികൂടി.

മൂന്നാം നമ്പറിലെത്തിയ നിക്കോളാസ് പൂരാനാണ് വിൻഡീസ് സ്കോറിനു ദിശാബോധം നൽകിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച പൂരാൻ അനായാസം ബൗണ്ടറി ക്ലിയർ ചെയ്തു. ഇതിനിടെ ബ്രാൻഡൻ കിംഗ് മടങ്ങി. 30 പന്തുകളിൽ 22 റൺസെടുത്ത താരത്തെ രവി ബിഷ്ണോയ് സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ചു. പൂരാനു കൂട്ടായി നാലാം നമ്പറിലെത്തിയ റോവ്മൻ പവലും തകർപ്പൻ ബാറ്റിംഗാണ് കാഴ്ചവച്ചത്. ഇതിനിടെ 34 പന്തുകളിൽ പൂരാനും 28 പന്തുകളിൽ പവലും ഫിഫ്റ്റി തികച്ചു. 41 പന്തിൽ 62 റൺസ് നേടിയ പൂരാനെ ഒടുവിൽ ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ രവി ബിഷ്ണോയ് പിടികൂടി. മൂന്നാം വിക്കറ്റിൽ പവലുമായി 100 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് ഉയർത്തിയതിനു ശേഷമാണ് പൂരാൻ മടങ്ങിയത്.

ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 25 റൺസായിരുന്നു വിൻഡീസിൻ്റെ വിജയലക്ഷ്യം. ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ സിംഗിളുകൾ മാത്രം വിട്ടുനൽകിയ ഹർഷലിന് അടുത്ത രണ്ട് പന്തുകളിൽ പിഴച്ചു. ഈ രണ്ട് പന്തുകളും പവൽ ബൗണ്ടറിയ്ക്ക് പുറത്തേക്ക് പായിച്ചു. എന്നാൽ അവസാന രണ്ട് പന്തുകളിൽ ഹർഷൽ വീണ്ടും തകർത്തെറിഞ്ഞു. ഈ പന്തുകളിൽ സിംഗിളുകൾ നേടാനേ വിൻഡീസിനു സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 186 റൺസ് നേടിയത്. ഇന്ത്യക്കായി ഋഷഭ് പന്തും വിരാട് കോലിയും ഫിഫ്റ്റിയടിച്ചു. വിൻഡീസ് നിരയിൽ റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.