ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി.
അർധസെഞ്ച്വറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരിക്കൽക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തിൽ നാലു വീതം സിക്‌സും ഫോറും സഹിതം ഗപ്ടിൽ നേടിയത് 51 റൺസ്. ഡാരില്‍ മിച്ചല്‍ (5), മാര്‍ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ കിവീസിന് നഷ്ടമായി. മൂന്നാം ഓവറില്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. അതേ ഓവറില്‍ ചാപ്മാനും മടങ്ങി. പിന്നീടെത്തിയവരില്‍ ടീം സീഫെര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസണ്‍ (14) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഹർഷൽ പട്ടേൽ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചെഹൽ, ദീപക് ചാഹർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നേരത്തെ രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും കൂടെയുള്ളവർക്ക് അവസരം മുതലെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. എന്തായാലും ടീം ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനും മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്കും കന്നി ട്വന്റി20 പരമ്പരയിൽത്തന്നെ സമ്പൂർണ വിജയം നേടാനായി.