Cricket Sports

വനിതാ ലോകകപ്പിലേക്ക് ഇനി 3 ദിവസത്തെ ദൂരം; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

വനിതാ ലോകകപ്പ് പടിവാതിലിലെത്തി നിൽക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 4ന് ആതിഥേയരായ ന്യൂസീലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലോകകപ്പ് ആരംഭിക്കും. മാർച്ച് 8നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ പാകിസ്താനെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുക. നിലവിലെ റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഇക്കുറി അല്പം മങ്ങിയിട്ടുണ്ടെങ്കിലും കിരീടം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. (india womens world cup)

ഷഫാലി വർമ്മയുടെ മോശം ഫോമാണ് ഇന്ത്യയെ ഏറെ വലയ്ക്കുന്നത്. ഓസ്ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ഷഫാലി ദി ഹണ്ട്രഡിലും ബിഗ് ബാഷ് ലീഗിലും കളിക്കുന്നത്. മോശം ഹണ്ട്രഡിനും അതിലും മോശം ബിഗ് ബാഷ് ലീഗിനും ശേഷം ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിൽ നടന്ന പരിമിത ഓവർ മത്സരങ്ങളിലും ഷഫാലി ഓഫ് കളറായിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ ആണ് ഷഫാലിയുടെ ബാറ്റിങിലെ പിഴവ് കണ്ടെത്തി ഉപയോഗിക്കുന്നത്. മത്സരത്തിൽ 2 റൺസെടുത്ത് പുറത്തായ ഷഫാലിക്കെതിരെ പിന്നീട് ടീമുകൾ ഇതേ തന്ത്രം പ്രയോഗിച്ചു. പേസർമാർക്കെതിരെ ബാക്ക്ഫൂട്ടിൽ ഷഫാലിയുടെ കളി വളരെ മോശമാണെന്ന് ടീമുകൾ മനസ്സിലാക്കിക്കഴിഞ്ഞു. അത് ഷഫാലിയും മനസ്സിലാക്കിക്കഴിഞ്ഞു. ന്യൂസീലൻഡിൽ അഞ്ച് ഏകദിനവും ഒരു ടി-20യും കളിച്ച ഷഫാലി ആകെ എടുത്തത് വെറും 109 റൺസ്. കരിയറിൻ്റെ തുടക്ക കാലത്ത് അനായാസം നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്തിരുന്ന ഷഫാലിയുടെ ഈ സീരീസിലെ സ്ട്രൈക്ക് റേറ്റ് വെറും 80 ആണ്.

സ്മൃതി മന്ദനയുടെ അഭാവത്തിൽ ടി-20 അടക്കം 4 മത്സരങ്ങൾ ഓപ്പണറായി കളിച്ച സബ്ബിനേനി മേഘന നേടിയത് 151 റൺസ്. 100നു മുകളിൽ സ്ട്രൈക്ക് റേറ്റും ഉണ്ട്. മാരക ഫോമിലുള്ള സബ്ബിനേനി ലോകകപ്പിൽ കളിച്ചില്ലെങ്കിൽ അതിൻ്റെ നഷ്ടം ഇന്ത്യക്ക് തന്നെയാണ്. ബാക്ക്ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും അനായാസം സ്ട്രോക്കുകൾ ഉതിർക്കാനുള്ള കഴിവാണ് സബ്ബിനേനിയെ വ്യത്യസ്തയാക്കുന്നത്. ലോകകപ്പിൽ ഷഫാലിക്ക് പകരം കളിക്കേണ്ടത് സബ്ബിനേനിയാണെങ്കിലും അതിന് ടീം മാനേജ്മെൻ്റ് തയ്യാറാവുമോ എന്ന് കണ്ടെറിയണം.

ടി-20 ലോകകപ്പിനു ശേഷം നിറം മങ്ങിയെങ്കിലും ദി ഹണ്ട്രഡിലും ബിഗ് ബാഷിലും ഗംഭീര പ്രകടനം നടത്തിവന്ന ജെമീമ റോഡ്രിഗസിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് മറ്റൊരു തിരിച്ചടി. ടോപ്പ് ഓർഡറിൽ ശ്രദ്ധയോടെ പിടിച്ചുനിന്ന് സ്കോർ ഉയർത്താൻ കഴിവുള്ള താരമാണ് ജമീമ. നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവും കഴിവുള്ള താരങ്ങളിൽ ഒരാൾ. അങ്ങനെയൊരു താരമില്ലാതെ ലോകകപ്പിനു പോകുന്നത് തിരിച്ചടിയ്ക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറിൽ ജമീമ കളിക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് പോലും സഹായകമാവും.

ശിഖ പാണ്ഡെയെ മാറ്റിനിർത്താനുള്ള തീരുമാനവും ഞെട്ടിക്കുന്നതാണ്. ഝുലൻ ഗോസ്വാമിക്കൊപ്പം ന്യൂ ബോൾ പങ്കിടുന്ന ശിഖ സമീപകാലത്തായി അത്ര മികച്ച ഫോമിൽ അല്ലെങ്കിലും ലോകകപ്പ് പോലൊരു വേദിയിൽ മത്സരപരിചയം വളരെ അത്യാവശ്യമാണ്. പുതുമുഖങ്ങളായ മേഘന സിംഗും രേണുക സിംഗും എത്രത്തോളം ശോഭിക്കുമെന്നതിൽ സംശയമുണ്ട്. ന്യൂസീലൻഡിനെതിരായ പ്രകടനങ്ങൾ തെളിയിക്കുന്നതും അതാണ്. രണ്ട് തവണ 270 കടന്നെങ്കിലും സ്കോർ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് സാധിച്ചില്ല. ന്യൂസീലൻഡിൽ തന്നെയാണ് മത്സരങ്ങൾ നടക്കുന്നത് എന്നതിനാൽ ഇവരുടെ പ്രകടനങ്ങൾ ഇന്ത്യക്ക് വളരെ നിർണായകമാണ്.

റിച്ച ഘോഷ് ആയിരുന്നു കഴിഞ്ഞ പരമ്പരയിലെ താരം. സ്ഥിരം വിക്കറ്റ് കീപ്പറായ തനിയ ഭാട്ടിയക്ക് പകരം കളിച്ച റിച്ച മധ്യനിരയിൽ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ലോകകപ്പിലും ഇന്ത്യ റിച്ചയെത്തന്നെ പരിഗണിക്കാനാണ് സാധ്യത. മധ്യ ഓവറുകളിൽ അനായാസം റൺസുയർത്താൻ കഴിവുള്ള റിച്ച ടീമിൽ നിർബന്ധമായും ഉണ്ടാവേണ്ട താരമാണ്. സ്ഥിരതയില്ലെന്നത് ഒരു പ്രശ്നമാണെങ്കിലും ഇമ്പാക്ട് പ്ലയറായ റിച്ച ടീമിനു മുതൽക്കൂട്ടാണ്.

ഹർമൻപ്രീത് കൗറിൻ്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നൽകും. സമീപകാലത്തായി തുടരുന്ന മോശം ഫോമിനെ തുടർന്ന് ന്യൂസീലൻഡിനെതിരായ ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന ഹർമൻ അവസാന മത്സരത്തിൽ ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരികെയെത്തിയിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തിൽ സെഞ്ചുറിയടിച്ച് ഹർമൻ തൻ്റെ ഫോം തുടർന്നു. ഒറ്റയ്ക്ക് മത്സരത്തിൻ്റെ ഗതി മാറ്റാൻ ശേഷിയുള്ള ഹർമനാണ് കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഹർമൻ നേടിയത് 115 പന്തിൽ പുറത്താവാതെ 172 റൺസായിരുന്നു.

സ്നേഹ് റാണ, യസ്തിക ഭാട്ടിയ, പൂജ വസ്ട്രാക്കർ തുടങ്ങി ഒരുപിടി യുവതാരങ്ങൾ കൂടി ഇന്ത്യക്കുണ്ട്. ഇവർക്കൊപ്പം മിതാലി രാജും സ്മൃതി മന്ദനയും ഝുലൻ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്‌വാദും ദീപ്തി ശർമ്മയുമൊക്കെ അടങ്ങുന്ന മുതിർന്ന താരങ്ങൾ കൂടിയാവുമ്പോൾ ഇന്ത്യ കപ്പടിക്കുമെന്ന് തന്നെ നമുക്ക് കരുതാം.