അഹമ്മദാബാദ്: മൊട്ടേരിയിലെ പൊടിപാറുന്ന പിച്ച് കഴിഞ്ഞ മത്സരത്തിലെ പതിവ് തെറ്റിച്ചില്ല, മൂന്നുദിവസം കൊണ്ട് കളി തീര്‍ത്ത് കപ്പ് ഇന്ത്യയുടെ കൈയ്യിലെത്തിച്ചു. ഇന്നിംഗ്സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. അക്ഷര്‍ പട്ടേലിന്‍റെയും അശ്വിന്‍റെയും അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ടീമിന്‍റെ നെടുംതൂണായ സെഞ്ച്വറി പ്രകടനം നടത്തിയ ഋഷഭ് പന്താണ് കളിയിലെ താരം. പരമ്പരയിലുടനീളം 32 വിക്കറ്റ് നേടിയ അശ്വിനാണ് പരമ്പരയിലെ താരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 205 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഋഷഭ് പന്തിന്റെയും (101) വാഷിങ്ടൺ സുന്ദറിന്റെയും (96 നോട്ടൗട്ട്) ബാറ്റിങ് മികവിൽ ഇന്ത്യ 365 റൺസെടുത്തു. 160 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തി.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ഒരവസരത്തിലും പിടിമുറുക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഇംഗ്ലീഷ് നിരയില്‍ നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കത്തിലെത്താന്‍ സാധിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഡാനിയല്‍ ലോറന്‍സിനു മാത്രമാണ് തിളങ്ങാനായത് ലോറന്‍സ്(50) അര്‍ധ സെഞ്ച്വറി നേടി.
അശ്വിന്‍ തന്‍റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്‍റെ തുടക്കം ദയനീയമായിരുന്നു. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ക്യാപ്ടൻ ജോ റൂട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റൂട്ടിനെ (30) അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലായി. പീന്നീട് വന്ന ഡാനിയല്‍ ലോറന്‍സ് ഒഴികെ ഫോക്ക്സും ബെസും ലീച്ചും പൊരുതി നോക്കാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി.