Cricket Sports

ലോകകപ്പ്: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ തന്നെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. നായകന്‍ വിരാട് കോഹ്‍ലി മൂന്നാമനാകുമ്പോള്‍ ഇന്ത്യക്ക് തലവേദനയായിരുന്ന നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍ വരും. തുടര്‍ന്ന് ധോണിയും കേദാര്‍ ജാദവും പാണ്ഡ്യയും കൂടിയാകുമ്പോള്‍ ബാറ്റിങ്ങ് നിര സന്തുലിതം. ജസ്പ്രിത് ബുംറ നയിക്കുന്ന ബൌളിങ്ങ് നിരയും മികച്ചതാണ്. സ്പിന്‍ കരുത്തില്‍ കുല്‍ദീപും ചഹലും ചേരുന്നുണ്ട്. ബുംറക്ക് മികച്ച കൂട്ടിനായി ബുവനേശ്വര്‍ കുമാറും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിക്കോക്കിനൊപ്പം ഹഷിം അംല തിരിച്ചെത്തിയിരിക്കുന്നു എന്നത് ദക്ഷിണാഫ്രിക്കക്ക് മികച്ച സൂചനകളാണ് നല്‍കുന്നത്. തബ്രായിസ് ഷംസിയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും ജയം ദക്ഷിണാഫ്രിക്കയുടെ കൂടെയായിരുന്നു.