ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് വെസ്റ്റ്ഇന്‍ഡീസ്.
2006 ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസിനോട് ഒരു ഏകദിന പരമ്പര അടിയറ വെച്ചത്. അതിന് ശേഷം നടന്ന ഒമ്പത് പരമ്പരകളിലും ജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ഇന്ന് തോറ്റാല്‍ ചരിത്രം മാറും. ഒപ്പം മറ്റൊരു നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു നാട്ടില്‍ തുടര്‍ച്ചയായി രണ്ട് ഏകദിന പരമ്പര ഇന്ത്യ തോറ്റിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം തോല്‍വി നാട്ടില്‍ സംഭവിച്ചാല്‍ അതും നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡാകും. ആസ്ത്രലിയക്കെതിരെയുള്ള പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
വിശാഖപട്ടണത്ത് രാത്രിയും പകലുമായാണ് ഇന്ന് മത്സരം. ഓപ്പണിങില്‍ രോഹിത് ശര്‍മക്ക് താളം കണ്ടെത്താനാകാത്തതും ബൗളിങില്‍ ഷമിക്ക് പങ്കാളിയായി ഭുവനേശ്വരും ബുംറയും ഇല്ലാത്തതുമാണ് തലവേദന. മറുവശത്ത് വ്യക്തിഗത പ്രകടന മികവിനെയാകും വിന്‍ഡീസ് ആശ്രയിക്കുക. ഷായ് ഹോപ്പ്, ഹെറ്റ്‌മേയര്‍, നിക്കോളാസ് പുരാന്‍, പൊള്ളാര്‍ഡ് മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയുണ്ട് വിന്‍ഡീസ് ടീമില്‍. നിര്‍ണായക മത്സരത്തില്‍ തിരിച്ചടിക്കാനുള്ള മികവ് ടീം ഇന്ത്യ പുറത്തെടുത്താല്‍ ഇന്ന് ജയം ആഘോഷിക്കാം.