Cricket Sports

ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റിംങിനിറങ്ങി 268 റണ്‍സിലൊതുങ്ങിയെങ്കിലും ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യക്കുവേണ്ടി ഷമി നാല് വിക്കറ്റും കളിയിലെ താരമായ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 72 റണ്‍സും നേടി.

സ്‌കോര്‍: ഇന്ത്യ 268/7 (50 ഓവര്‍), വെസ്റ്റിന്‍ഡീസ് 143 ഓള്‍ഔട്ട്(34.2 ഓവര്‍)

ഇന്ത്യയുടെ ഓപണിംങ് ബൗളര്‍മാരായ ബുംറ- ഷമി സഖ്യത്തിന് മുന്നില്‍ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഒരു സ്‌ട്രോക്കുപോലും കളിക്കാനാകാതെ പരുങ്ങിയ ക്രിസ് ഗെയിലായിരുന്നു ഷമിയുടെ ആദ്യ ഇര. 19 പന്തില്‍ ആറ് റണ്‍മാത്രമായിരുന്നു ഗെയിലിന്‍റെ സമ്പാദ്യം. നേടിയ ബൗണ്ടറിയാകട്ടെ ഇന്‍സൈഡ് എഡ്ജില്‍ നിന്നുമായിരുന്നു. ഹോപിനെ(5) കൂടി ഷമി മടക്കിയതോടെ വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്.

ചെറുത്തു നില്‍പ്പിന് ശ്രമിച്ച അംബരിസിനേയും(31) പൂരനേയും(28) പാണ്ഡ്യയും കുല്‍ദീപും മടക്കി. ഹോള്‍ഡറെ(6) ചാഹല്‍ ജാദവിന്റെ കൈകളിലെത്തുക്കുക കൂടി ചെയ്തതോടെ ബുംറയുടെ രണ്ടാം സ്‌പെല്ലിന് കളമൊരുങ്ങി. ആദ്യ സ്‌പെല്ലില്‍ നാല് ഓവറില്‍ വെറും ആറ് റണ്‍ മാത്രം വിട്ടു കൊടുത്തിരുന്ന ബുംറ രണ്ടാം വരവിലാണ് വിന്‍ഡീസ് നിരയില്‍ നാശം വിതച്ചത്.