Cricket Sports

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്

ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്.

ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. അതിനാല്‍ പ്രതീക്ഷയുടെ അവസാന കനല്‍ കെടാതിരിക്കാന്‍ ഒരു ജയം. അതാണ് കരീബിയക്കാരുടെ മനസില്‍.