Cricket Sports

പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. 227 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു. അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് മത്സരം ശ്രീലങ്കയ്ക്ക് വിജയം സാധ്യമാക്കിയത്. 39 ഓവറിലാണ് ശ്രീലങ്ക ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ വിജയം നേടിയത്.ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യയുടെ നീക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. അദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്കയുടെ വിജയ ലക്ഷ്യം 227 റണ്‍സായിരുന്നു.

മിനോദ് ഭാനുകയെ നഷ്ടപ്പെടുമ്പോൾ 5.3 ഓവറില്‍ 35 റണ്‍സ് നേടിയ ലങ്കയെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. 109 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് ചേതന്‍ സക്കറിയായിരുന്നു. 65 റണ്‍സ് നേടിയ ഭാനുക രാജപക്സയെയാണ് ചേതന്‍ ആദ്യം പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ധനന്‍ജയ ഡി സില്‍വയെയും ചേതന്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 144/1 എന്ന നിലയില്‍ നിന്ന് 151/3 എന്ന നിലയിലേക്ക് വീണു.

ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോ മറുവശത്ത് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ലങ്ക വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും അവിഷ്ക 76 റണ്‍സ് നേടിയതും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ചില ക്യാച്ചുകള്‍ കൈവിട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചരിത് അസലങ്ക 43 റണ്‍സാണ് നാലാം വിക്കറ്റില്‍ ഫെര്‍ണാണ്ടോയുടെ കൂടെ നേടിയത്. 24 റണ്‍സ് നേടിയ താരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് പുറത്തായത്.

76 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോ പുറത്താകുമ്പോൾ ശ്രീലങ്കയ്ക്ക് വിജയിക്കുവാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 15 റണ്‍സ് നേടി രമേശ് മെന്‍ഡിസ് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.