ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 ഇന്ന് പൂണെയില്‍. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും രണ്ടാം മത്സരം ജയിച്ച് 1-0ത്തിന് മുന്നിലാണ് ഇന്ത്യ. മൂന്നാം മത്സരവും ജയിച്ച് നാട്ടില്‍ ഒരു പരമ്പര കൂടി ഉറപ്പിക്കുകയാവും കോലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. തുടര്‍ച്ചയായി എട്ട് കളികളില്‍ ടി20 ടീമിലുണ്ടായിട്ടും ഒരു അവസരം പോലും ലഭിക്കാത്ത സഞ്ജുവിന് ഇക്കുറിയെങ്കിലും കളിക്കാനാകുമോ എന്നതും കാത്തിരുന്ന്് കാണേണ്ടി വരും.
ഇന്‍ഡോറില്‍ നടന്ന രണ്ടാംമത്സരത്തില്‍ പേസ് ബൗളര്‍മാരാണ് ഇന്ത്യക്ക് മികച്ച ജയമൊരുക്കിയത്. പരിക്കിനുശേഷം തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്‍ഡോറില്‍ പതിവ് ഫോമിലേക്കെത്താനായില്ല. എന്നാല്‍ പേസ് വൈവിധ്യവുമായി നവ്ദീപ് സെയ്നിയും ശര്‍ദുള്‍ താക്കൂറും ആ കുറവ് നികത്തി.
ബാറ്റിങില്‍ ശ്രേയസ് അയ്യര്‍ ഇന്നും മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ഓപ്പണിംഗ് സ്ഥാനത്തേക്ക് കെ.എല്‍ രാഹുല്‍ ഉയര്‍ത്തുന്ന ഭീഷണി ഒഴിവാക്കാന്‍ ധവാന് ഫോം കണ്ടെത്തിയേ തീരൂ. ഒമ്പതാം മത്സരത്തിലെങ്കിലും സഞ്ജു കളിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മനീഷ് പാണ്ഡെയും സമാന അവസ്ഥയിലാണ്. ഇന്‍ഡോറില്‍ ജയിച്ച ടീമിനെ നിലനിര്‍ത്തിയാല്‍ ഇരുവരുടെയും കാത്തിരിപ്പ് നീളും.
ബാറ്റിംങിലും ബൗളിംങിലും ലങ്കക്ക് പ്രശ്നങ്ങളുണ്ട്. ഇന്ത്യയിലെത്തിയിട്ട് കുശാല്‍ പെരേര ഒഴികെയുള്ള ആരുടേയും ബാറ്റിംങ് ആശാവഹമല്ല. ക്യാപ്റ്റന്‍ ലസിത് മലിംഗയുള്പ്പെട്ട ബൗളര്‍മാരും ഫോമിലേക്കുയര്ന്നില്ലെന്ന് മാത്രമല്ല സ്പിന്നര്‍ ഇസുറു ഉദാന പരിക്കേറ്റ് പിന്മാറി. മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് പകരമെത്തും.
ബാറ്റ്സ്മാന്മാര്ക്കും ബൗളര്‍മാര്‍ക്കും പിന്തുണ നല്‍കുന്നതാണ് പുണെയിലെ പിച്ച്. അവസാനമായി ഇവിടെ കളിച്ചപ്പോള്‍ 101 റണ്ണിന് ശ്രീലങ്ക ഇന്ത്യയെ പുറത്താക്കിയിട്ടുണ്ട്.