Cricket Sports

ചുഴലിക്കാറ്റ് പോലെ അശ്വിന്റെ തിരിച്ചുവരവ്; മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രണ്ടു വിക്കറ്റുകള്‍ കൂടി

ഒമ്പതു മാസത്തെ ഇടവേളക്ക് ശേഷം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ചുഴലിക്കാറ്റ് പോലെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ എറിഞ്ഞിട്ടത് ഒന്നും രണ്ടുമല്ല ഏഴു വിക്കറ്റുകളാണ്. സെഞ്ച്വറി നേടിയ ഡി കോക്കും അര്‍ധ ശതകം നേടിയ ഡുപ്ലിസിസും അടക്കമുള്ള കരുത്തരാണ് അശ്വിന്റെ മാജിക്കിന് മുന്നില്‍ മുട്ടുകുത്തിയത്.

അശ്വിന്റെ മാസ്മരിക പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്കയെ 431 ല്‍ ഒതുക്കിയതും. അശ്വിന്റെ 27 ാമത് അഞ്ച് വിക്കറ്റ് നേട്ടത്തിനാണ് വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. ഇതോടെ അശ്വിന്‍ ഒരു വമ്പൻ റെക്കോർഡിന്റെ പടിവാതിൽക്കൽ എത്തുകയും ചെയ്തു. ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ പേരിലുള്ള വേഗമേറിയ 350 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന ലോക റെക്കോർഡിനൊപ്പമെത്താന്‍ അശ്വിന് ഇനി ഒരു വിക്കറ്റ് കൂടി മതി. നിലവില്‍ 349 വിക്കറ്റുകൾ നേടിയ അശ്വിന് രണ്ടാം ഇന്നിങ്സില്‍ രണ്ടു വിക്കറ്റ് കൂടി വീഴ്ത്താനായാല്‍ മുരളിയുടെ റെക്കോര്‍ഡ് പഴങ്കഥയാകും. ടെസ്റ്റ് മത്സരങ്ങളിൽ എക്കാലത്തേയും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ ശ്രീലങ്കൻ സ്പിൻ മാന്ത്രികനാണ്. 2001 ൽ ബംഗ്ലാദേശിനെതിരായ 66-ാമത് ടെസ്റ്റ് മത്സരത്തിലാണ് മുരളി ഈ നാഴികക്കല്ല് പിന്നിട്ടത്. അശ്വിന്റേയും 66-ാമത്തെ ടെസ്റ്റാണിത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 502 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റിളക്കിയത് അശ്വിനായിരുന്നു. ഓപ്പണര്‍ അയ്ഡന്‍ മര്‍ക്രാമായിരുന്നു വലിയൊരു ഇടവേളക്ക് ശേഷം അശ്വിന്റെ ആദ്യ ഇര. വാലറ്റത്തെ കേശവ് മഹാരാജിനെയും റബാദയെയും വീഴ്ത്തി പ്രോട്ടീസിന്റെ ഇന്നിങ്സിന് തിരശീലയിട്ടതും അശ്വിനായിരുന്നു. ടെസ്റ്റിന്റെ അഞ്ചാം ദിവസം അവശേഷിക്കുന്ന സാഹചര്യത്തില്‍ മുരളിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും തകര്‍ക്കാനും അശ്വിന് അവസരമുണ്ട്.