Cricket Sports

ഒറ്റയ്ക്ക് പൊരുതി കോലി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി. ചേതശ്വർ പൂജാര 43 റൺസെടുത്തു. തൊട്ടു പിന്നാലെ 15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദ പുറത്താക്കി. പിന്നീട് വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും ചേർന്ന് 62 റൺസെടുത്തു.

ടീം സ്‌കോർ 95-ൽ നിൽക്കേ 77 പന്തുകളിൽ നിന്ന് 43 റൺസെടുത്ത പൂജാരയെ മാർക്കോ ജാൻസൺ പുറത്താക്കി. പിന്നാലെ വന്ന അജിങ്ക്യ രഹാനെ നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് മാത്രമെടുത്ത രഹാനെ റബാദയ്ക്ക് മുന്നിൽ കീഴടങ്ങി. ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്‌കോർ 160 കടത്തി. 27 റൺസെടുത്ത ഋഷഭ് പന്തിനെ മാർക്കോ ജാൻസൺ മടക്കി. ഋഷഭ് പന്തിന് പകരം വന്ന ആർ. അശ്വിൻ രണ്ട് റൺസെടുത്ത് മടങ്ങി. അശ്വിന് പിന്നാലെയെത്തിയ ശാർദൂൽ ഠാക്കൂറും പെട്ടെന്ന് മടങ്ങി. ബാറ്റർമാരെല്ലാം വീണപ്പോഴും ഇന്ത്യൻ നായകൻ വിരാട് കൊലി ബാറ്റിംഗിൽ പൊരുതി 79 റൺസെടുത്ത് റബാദയുടെ പന്തിൽ പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലുവിക്കറ്റെടുത്തപ്പോൾ മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്യൂവാൻ ഒലിവിയർ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. അതേസമയം കോലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്.